മെസിക്കൊപ്പം കളിച്ച് മെസിയെപ്പോലെയായി, ഇന്റർ മിയാമി താരത്തിന്റെ അസിസ്റ്റ് കണ്ട് അത്ഭുതപ്പെട്ട് ആരാധകർ | Robert Taylor

ലയണൽ മെസി എത്തിയതിനു ശേഷം ഇന്റർ മിയാമിയിലെ ഓരോ താരങ്ങൾക്കും വളരെയധികം ആത്മവിശ്വാസം കാണാനുണ്ട്. ഇതുവരെ തുടർച്ചയായ തോൽവികൾ വഴങ്ങിയിരുന്ന ടീം തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കുന്നു എന്നതിനൊപ്പം ഓരോ താരവും അവരുടെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇതിൽ തന്നെ മുന്നേറ്റനിരയിൽ കളിക്കുന്ന ഫിന്നിഷ് താരം റോബർട്ട് ടെയ്‌ലറുടെ പ്രകടനം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ഗംഭീര പ്രകടനം നടത്തുന്ന റോബർട്ട് ടെയ്‌ലർ കഴിഞ്ഞ ആറു മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടിയിട്ടുണ്ട്. അതിനു പുറമെ മൂന്നു ഗോളുകൾക്ക് വഴിയൊരുക്കാനും കഴിഞ്ഞ താരം മെസിക്ക് ശേഷം ഈ മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ പങ്കാളിത്തമുള്ള താരം കൂടിയാണ്. കഴിഞ്ഞ മത്സരത്തിൽ ജോർദി ആൽബ നേടിയ ഗോളിന് താരം നൽകിയ അസിസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഫിലാഡൽഫിയ താരം പന്തുമായി ഇന്റർ മിയാമി ബോക്‌സിലേക്ക് മുന്നേറിക്കൊണ്ടിരിക്കെ മികച്ചൊരു ടാക്കിൾ നടത്തി പന്തെടുത്ത റോബർട്ട് ടെയ്‌ലർ അതിനു ശേഷം മികച്ച പന്തടക്കത്തോടു കൂടി അതുമായി മുന്നേറി മധ്യവര വരെയെത്തി. ഈ നീക്കത്തിൽ നാലോളം എതിരാളികളെ താരം സമർത്ഥമായി മറികടന്നു. അതിനു ശേഷം വിങ്ങിലൂടെ പായുകയായിരുന്നു ജോർദി ആൽബയിലേക്ക് മനോഹരമായാണ് താരം പന്ത് നൽകിയത്. ആൽബയത് ഗോളാക്കി മാറ്റുകയും ചെയ്‌തു.

ലയണൽ മെസിയും ജോർദി ആൽബയും തമ്മിലുള്ള കണക്ഷൻ പോലെയാണ് റോബർട്ട് ടെയ്‌ലർ ഇന്നലത്തെ മത്സരത്തിൽ സ്‌പാനിഷ്‌ താരത്തിന് അസിസ്റ്റ് നൽകിയത്. ഇന്നലത്തെ മത്സരത്തിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു ആൽബയുടേത്. അതിൽ തന്നെ റോബർട്ട് ടെയ്‌ലറുടെ മികവ് വേറിട്ട് നിൽക്കുന്നു. മെസിയുടെ വരവ് തങ്ങളുടെ പ്രതിഭ മുഴുവൻ പുറത്തെടുക്കാൻ സഹതാരങ്ങളെ സഹായിക്കുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Robert Taylor Assist To Jordi Alba