“ഞങ്ങൾ തോറ്റത് ഇന്റർ മിയാമിയോടല്ല, ലയണൽ മെസിയോടാണ്”- ഫിലാഡെൽഫിയ യൂണിയൻ പരിശീലകൻ പറയുന്നു | Messi

ഫിലാഡൽഫിയ യൂണിയനുമായുള്ള ഇന്റർ മിയാമിയുടെ ലീഗ്‌സ് കപ്പ് സെമി ഫൈനൽ തീരുമാനമായപ്പോൾ ഏവരും അഭിപ്രായപ്പെട്ടത് ലയണൽ മെസിയെ സംബന്ധിച്ച് അതൊരു കടുപ്പമേറിയ മത്സരമാകുമെന്നാണ്. അതിനു മുൻപ് ലയണൽ മെസിയും സംഘവും തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ വിജയം നേടിയെങ്കിലും ഫിലാഡൽഫിയ യൂണിയന്റെ ആരാധകരുടെ പിന്തുണ ഇന്റർ മിയാമിക്ക് തലവേദനയാകുമെന്നാണ് ഏവരും പറഞ്ഞത്. എന്നാൽ മത്സരം കഴിഞ്ഞപ്പോൾ ഇന്റർ മിയാമി ആധികാരികമായ വിജയമാണ് നേടിയത്.

ഫിലാഡൽഫിയ യൂണിയനാണ് പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും മുന്നിൽ നിന്നതെങ്കിലും ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്ത് ഇന്റർ മിയാമി ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് നേടിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ മൂന്നു ഗോളുകൾക്ക് മുന്നിലെത്തിയ ഇന്റർ മിയാമി ഈ വിജയത്തോടെ കിരീടത്തിനു ഏറ്റവുമധികം സാധ്യതയുള്ള ടീമായി മാറിയിട്ടുണ്ട്. മത്സരത്തിന് ശേഷം ഫിലാഡൽഫിയ യൂണിയൻ പരിശീലകനും അതു തന്നെയാണ് അഭിപ്രായപ്പെട്ടത്.

“ഞങ്ങൾ തോറ്റത് ഇന്റർ മിയാമിയെന്ന ക്ലബിനോടല്ല, മറിച്ച് ഒരേയൊരാളോടാണ്, ലയണൽ മെസിയോട്. ലയണൽ മെസി കൂടെയുള്ളപ്പോൾ ഇന്റർ മിയാമിയെ തടുക്കാൻ ഒന്നിനുമാകില്ല. ഞങ്ങൾ കൂടുതൽ ബഹുമാനം കാണിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. മികച്ച ടീമായ അവർ ഇനിയും മുന്നോട്ടു പോകും. അവരുടെ ഉടമകൾ ഒരുപാട് പണം ചിലവഴിക്കും. ലീഗിലെ ഏറ്റവും മികച്ച ടീമായി അവർ മാറും. ഇപ്പോൾ തന്നെ അവർ മികച്ച ടീമാണ്, ഒന്നും അവരെ തടയില്ലെന്നുറപ്പാണ്.” ജിം കർട്ടിൻ മത്സരത്തിനു ശേഷം പറഞ്ഞു.

ലയണൽ മെസിക്കൊപ്പം സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ എന്നീ താരങ്ങളും ഇന്റർ മിയാമിയിലേക്ക് എത്തിയിരുന്നു. അതും ടീമിനെ മെച്ചപ്പെടുത്താൻ വളരെയധികം സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ആൽബ ഒരു ഗോൾ നേടുകയും ചെയ്‌തു. ഇനിയൊരു മത്സരമകലെ കിരീടം സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്റർ മിയാമിയുള്ളത്. തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ കിരീടം സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ നാഷ്‌വില്ലെയാണ് അവരുടെ എതിരാളികൾ.

Jim Curtin Says They Lost To Messi