വെറുംവാക്ക് പറയുന്നയാളല്ല റൊണാൾഡോ, യൂറോപ്യൻ ഫുട്ബോളിനെ വിറപ്പിച്ച് സൗദിയുടെ മുന്നേറ്റം | Saudi Arabia

ഖത്തർ ലോകകപ്പിനു പിന്നാലെയാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ട് സൗദി അറേബ്യയിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറിയത്. ലോകകപ്പിൽ നിരാശപെടുത്തിയ താരം യൂറോപ്പിലെ ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറി ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി പൊരുതുമെന്ന് കരുതിയിരുന്ന ആരാധകർക്ക് അതൊരു വലിയ നിരാശയായിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്കെത്തിയത്.

സൗദി അറേബ്യയിലേക്ക് ചേക്കേറിയതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിപ്രായപ്പെട്ടത് വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു ഫുട്ബോൾ ലീഗുകളിലൊന്നായി സൗദി പ്രൊ ലീഗ് മാറുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നുമാണ്. അന്നു പലരും അതിനെ കളിയാക്കിയെങ്കിലും ഇപ്പോൾ റൊണാൾഡോയുടെ വാക്കുകൾ സത്യമായി മാറിക്കൊണ്ടിരിക്കുകയാണ്. യൂറോപ്യൻ ഫുട്ബോളിനെ വിറപ്പിക്കുന്ന രീതിയിലാണ് സൗദി അറേബ്യൻ ക്ലബുകൾ താരങ്ങളെ വാങ്ങിക്കൂട്ടുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുറമെ കരിം ബെൻസിമ, നെയ്‌മർ, ഫിർമിനോ, മാനെ, മഹ്‌റസ്, കാന്റെ, കൂളിബാളി, ഹെൻഡേഴ്‌സൺ, മെൻഡി തുടങ്ങി നിരവധി താരങ്ങളാണ് സൗദി അറേബ്യയിലേക്ക് ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യൂറോപ്പിൽ നിന്നും ചേക്കേറിയത്. ഇവരെല്ലാം വിവിധ ക്ലബുകളിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ചില ക്ലബുകളിൽ യൂറോപ്പിൽ നിന്നും വന്ന അഞ്ചു താരങ്ങൾ വരെയാണ് ആദ്യ ഇലവനിൽ ഇറങ്ങുന്നത്.

സൗദി അറേബ്യൻ ഗവണ്മെന്റിന്റെ കീഴിലുള്ള സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ലീഗിലെ നാല് ക്ലബുകളെ ഇതിനിടയിൽ ഏറ്റെടുത്തുവെന്നതും ശ്രദ്ധേയമാണ്. ഈ ക്ലബുകളാണ് വമ്പൻ തുകയെറിഞ്ഞ് താരങ്ങളെ വാങ്ങിക്കൂട്ടുന്നതിൽ മുന്നിൽ നിൽക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെ വാങ്ങിയതിനു ശേഷം വമ്പൻ തുകയെറിഞ്ഞ സൗദിയിപ്പോൾ സ്വന്തം നാട്ടിലെ ക്ലബുകളിലും വലിയ തോതിലാണ് പണം ചിലവഴിക്കുന്നത്.

ഫുട്ബോൾ ലോകത്ത് വലിയ രീതിയിലുള്ള മുന്നേറ്റമുണ്ടാക്കാൻ ഉറപ്പിച്ചു തന്നെയാണ് സൗദി അറേബ്യ ഇറങ്ങിയിരിക്കുന്നതെന്ന് ഇതിൽ നിന്നും ഉറപ്പിക്കാൻ. ഇപ്പോൾ തന്നെ യൂറോപ്പിലെ പല പ്രധാന ലീഗുകളെക്കാൾ മത്സരം സൗദി പ്രൊ ലീഗിലുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നല്ല രീതിയിലുള്ള മാധ്യമശ്രദ്ധയും ഇവിടെ നടക്കുന്ന മത്സരങ്ങൾക്ക് ലഭിക്കുന്നു. അതുകൊണ്ടു തന്നെ റൊണാൾഡോ പറഞ്ഞ പോലെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു ലീഗുകളിലൊന്നായി സൗദി ലീഗ് മാറുമെന്നുറപ്പാണ്.

The Rise Of Saudi Arabia Club Football