ഒരു സീസണിൽ പതിനായിരം കോടി രൂപയോളം, ലയണൽ മെസി വേണ്ടെന്നു വെച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ ഓഫർ

യൂറോപ്പ് വിടുകയാണെന്ന തീരുമാനം ലയണൽ മെസി എടുത്തത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം നടത്തി കിരീടം നേടി ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന സമയത്താണ് മെസി യൂറോപ്യൻ ഫുട്ബോളിനോട് വിട പറയുന്നത്. പിഎസ്‌ജി കരാർ അവസാനിച്ച താരം യൂറോപ്പിൽ നിന്നുള്ള ക്ലബുകളുടെ ഓഫർ തള്ളി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കാണ് ചേക്കേറിയത്.

ലയണൽ മെസി പിഎസ്‌ജി വിടുന്ന സമയത്ത് സൗദി അറേബ്യയിൽ നിന്നും താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ഉണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രതിഫലമാണ് അർജന്റീന താരത്തിന് സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ ഓഫർ ചെയ്‌തത്‌. താരത്തിന് നൽകിയ ഓഫറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിട്ടുണ്ട്.

ഫോക്‌സ് സ്പോർട്ട്സ് അർജന്റീന സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അൽ ഹിലാലിൽ നിന്നും പ്രതിവാരം 15 മുതൽ ഇരുപതു മില്യൺ യൂറോ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് മെസി തഴഞ്ഞത്. മറ്റു ഘടകങ്ങളും ബോണസുകളും എല്ലാം ചേരുമ്പോൾ ഒരു സീസണിൽ ഒരു ബില്യൺ യൂറോയോളം ലഭിക്കുന്ന ഓഫറാണ് മെസിക്ക് മുന്നിൽ അൽ ഹിലാൽ വെച്ചത്.

ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ പ്രതിവാരം 180 കോടിയോളം രൂപയും ഒരു സീസണിൽ പതിനായിരം കോടിയോളം രൂപയും ലഭിക്കുന്ന ഓഫറാണ് ലയണൽ മെസി വേണ്ടെന്നു വെച്ചത്. സൗദിയുടെ ഓഫർ താരം പരിഗണിച്ചിരുന്നെങ്കിലും തന്റെ കുടുംബത്തിന് അമേരിക്കയിലേക്ക് പോകാനാണ് ആഗ്രഹം എന്നതിനാൽ താരം അത് തിരഞ്ഞെടുക്കുകയായിരുന്നു.

കോപ്പ അമേരിക്ക ഫൈനലിൽ സംഭവിച്ച പരിക്ക് കാരണം ലയണൽ മെസി ഇപ്പോൾ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുന്നില്ല. പരിക്കിൽ നിന്നും മോചിതനാകുന്ന താരം സെപ്‌തംബർ മാസത്തോടെ കളിക്കളത്തിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും സെപ്‌തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിലേക്ക് താരത്തെ ഉൾപ്പെടുത്തിയിട്ടില്ല.