വരുന്ന കോപ്പ അമേരിക്കയും ബ്രസീൽ കൊതിക്കണ്ട, സ്‌കലോണിയും മെസിയും ഉറപ്പിച്ചു തന്നെ | Argentina

ലയണൽ സ്‌കലോണിയുടെ അർജന്റീന ആരാധകർക്ക് എക്കാലവും വളരെയധികം രോമാഞ്ചത്തോടെ ഓർക്കാൻ കഴിയുന്ന ഒന്നായിരിക്കും. 2018 ലോകകപ്പിൽ അർജന്റീന മോശം പ്രകടനം നടത്തിയതിനു ശേഷം താൽക്കാലിക പരിശീലകനായി ആർക്കും പ്രതീക്ഷയില്ലാതെ കടന്നു വന്ന അദ്ദേഹം പിന്നീട് ടീമിനുള്ളിൽ കാണിച്ച കാര്യങ്ങളെല്ലാം അത്ഭുതം തന്നെയായിരുന്നു. ഒടുവിൽ രണ്ടു വർഷത്തിൽ ലോകകപ്പ് അടക്കം മൂന്നു കിരീടങ്ങളും അദ്ദേഹം അർജന്റീന ടീമിന് നേടിക്കൊടുത്തു.

ലയണൽ സ്‌കലോണിയുടെ അർജന്റീന ടീമിന് ഇനിയും കിരീടങ്ങൾ നേടാൻ കഴിയുമെന്നാണ് പ്രമുഖ അർജന്റീനിയൻ ജേർണലിസ്റ്റ് ഗാസ്റ്റൻ എഡുൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ ടീമിന് ഇനിയും ഒരുപാട് മുന്നോട്ടു പോകാനാവുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് സ്‌കലോണി അർജന്റീന ടീമുമായി കരാർ പുതുക്കിയതെന്ന് അദ്ദേഹം പറയുന്നു. ലയണൽ മെസിയുടെ ഭാവിയെക്കുറിച്ചും ഗാസ്റ്റൻ എഡുൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

“മെസിക്ക് യൂറോപ്പിൽ തുടരണം, മെസി അർജന്റീന ടീമിനൊപ്പം തുടരുകയും ചെയ്യും. 2024ൽ കോപ്പ അമേരിക്ക നടക്കുന്നതിൽ മെസിക്ക് പങ്കെടുക്കണം, അതിൽ വിജയം നേടണം, അർജന്റീനക്കൊപ്പം ഇനിയും കിരീടങ്ങൾ താരത്തിന് സ്വന്തമാക്കണം. സ്‌കലോണി അർജന്റീന ടീമുമായി കരാർ പുതുക്കി, കാരണം ഈ ടീമിന് ഇനിയും പലതിനും കഴിയുമെന്ന് അദ്ദേഹത്തിനറിയാം, അവർക്ക് ഇനിയും കിരീടങ്ങൾ നേടണം.” അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പ് നേടിയ അർജന്റീന ടീമിലെ വെറ്ററൻ താരങ്ങളൊന്നും അതിനു ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. മെസി, ഡി മരിയ, ഒട്ടമെന്റി തുടങ്ങിയ താരങ്ങളെല്ലാം ടീമിനൊപ്പം തുടരുകയാണ്. ഇവരെല്ലാം ക്ലബ് തലത്തിൽ ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഈ പ്രകടനം അടുത്ത സീസണിലും ആവർത്തിച്ചാൽ ലോകകപ്പ് ടീമിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ ഏവരെയും ഭയപ്പെടുത്തുന്ന സംഘമായി തന്നെയാകും അർജന്റീന കോപ്പ അമേരിക്കയിൽ ഇറങ്ങുക.

Messi Scaloni Wants To Win More Trophies With Argentina