മെസിയുടെ കരിയറിലാദ്യം, അപ്രതീക്ഷിതമായി താരത്തെ സസ്‌പെൻഡ് ചെയ്‌ത്‌ പിഎസ്‌ജി | Lionel Messi

ക്ലബിന്റെ സമ്മതമില്ലാതെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്‌ത ലയണൽ മെസിയെ പിഎസ്‌ജി സസ്‌പെൻഡ് ചെയ്‌തതായി റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമങ്ങളായ എൽ എക്വിപ്പെ ആർഎംഎസി സ്പോർട്ട് എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം രണ്ടാഴ്‌ചത്തെ സസ്പെൻഷനാണ് മെസിക്ക് നൽകിയിരിക്കുന്നത്. താരത്തിന്റെ സസ്‌പെൻഷൻ കാലയളവിലെ പ്രതിഫലമടക്കം ഒഴിവാക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോറിയന്റിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിലെ തോൽവിക്ക് പിന്നാലെയാണ് ലയണൽ മെസി സൗദി അറേബ്യയിലേക്ക് പോയത്. സൗദി ടൂറിസത്തിന്റെ അംബാസിഡറായി പ്രവർത്തിക്കുന്ന ലയണൽ മെസി അതിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് രാജ്യത്തെത്തിയത്. എന്നാൽ ലയണൽ മെസി സൗദിയിലേക്ക് യാത്ര ചെയ്‌തത്‌ പിഎസ്‌ജി പരിശീലകന്റെയോ സ്പോർട്ടിങ് ഡയറക്റ്ററുടെയോ സമ്മതം ഇല്ലാതെയാണെന്നാണ് റിപ്പോർട്ടുകൾ.

ലയണൽ മെസിയുടെ സൗദി സന്ദർശനം പിഎസ്‌ജി താരങ്ങൾക്കും ഞെട്ടൽ ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പരിശീലനത്തിനായി താരങ്ങൾ എത്തിയപ്പോഴാണ് ലയണൽ മെസി രാജ്യം വിട്ടത് അറിയുന്നത്. ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസിക്ക് പലപ്പോഴും അവധി ദിവസങ്ങൾ പിഎസ്‌ജി അനുവദിച്ചു നൽകിയിട്ടുണ്ട്. അതിനു പിന്നാലെ ലയണൽ മെസി ക്ലബിന്റെ സമ്മതമില്ലാതെ കുടുംബമൊന്നിച്ച് യാത്ര പോയതിൽ താരങ്ങളിൽ പലരും തൃപ്‌തരല്ല.

സസ്‌പെൻഷന്റെ കാര്യം പിഎസ്‌ജി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല. പക്ഷെ അതുടനെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്തായാലും സസ്പെൻഷനോടെ ഒരു കാര്യം ഉറപ്പായി. ലയണൽ മെസി ഇനി ഒരിക്കലും പിഎസ്‌ജി താരമായി തുടരാനുള്ള ഒരു സാധ്യതയുമില്ല. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ബാഴ്‌സയിലേക്ക് ചേക്കേറിയില്ലെങ്കിൽ പിഎസ്‌ജിയിൽ തന്നെ തുടരാനുള്ള സാധ്യത പൂർണമായും ഇല്ലാതായി.

PSG Suspended Lionel Messi For 2 Weeks