കേരള ബ്ലാസ്റ്റേഴ്‌സിൽ ഈസ്റ്റ് ബംഗാളിന്റെ റൈഡ്, ലക്ഷ്യം രണ്ടു താരങ്ങൾ | Kerala Blasters

ഈ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും താരങ്ങൾ കൊഴിഞ്ഞു പോവുന്നതിന്റെ വാർത്തകൾ കേട്ടു കൊണ്ടിരിക്കുകയാണ്. ഫുൾ ബാക്കായ ഹർമൻജോത് ഖബ്‌റ, നായകനായ ജെസ്സൽ കാർനൈറോ എന്നിവർ ക്ലബ് വിട്ടുവെന്നാണ് റിപ്പോർട്ടുകൾ. ജെസ്സൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന വൈരികളായ ബെംഗളൂരു എഫ്‌സിയിലേക്കാണ് ചേക്കേറിയതെന്നാണ് സൂചനകൾ.

അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു താരങ്ങളെ കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാൾ നോട്ടമിട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ടീം വിട്ട ഫുൾ ബാക്കായ ഹർമൻജോത് ഖബ്ര, ഗോൾകീപ്പർ പ്രഭ്സുഖ്‌മാൻ ഗിൽ എന്നിവരെയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് വിവിധ കേന്ദ്രങ്ങൾ സൂചനകൾ നൽകുന്നുണ്ട്. ഇരുവരെയും വിൽക്കാൻ ബ്ലാസ്റ്റേഴ്‌സിനും താൽപര്യമുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാൾ ആരാധകർ ആവശ്യപ്പെടുന്ന സൈനിങ്‌ ഗില്ലിന്റെതാണ്. ക്ലബിനും താരത്തെ സ്വന്തമാക്കാൻ താൽപര്യമുണ്ട്. എന്നാൽ അവരുടെ ഗോൾകീപ്പിങ് ലിസ്റ്റിൽ മറ്റുള്ള താരങ്ങളുമുണ്ട്. ഗില്ലിനായി നൽകാൻ ഉദ്ദേശിക്കുന്ന ഓഫർ ബ്ലാസ്റ്റേഴ്‌സിനും സമ്മതമാണെങ്കിൽ താരം അടുത്ത സീസണിൽ ഈസ്റ്റ് ബംഗാളിനായി കളിക്കും. അതേസമയം ഖബ്‌റക്കായി ഈസ്റ്റ് ബംഗാൾ ഔദ്യോഗിക ഓഫർ നൽകിയിട്ടുണ്ട്.

ഖബ്‌റക്കും ഈസ്റ്റ് ബംഗാളിൽ കളിക്കാൻ താൽപര്യമുള്ളതിനാൽ ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യതകൾ കൂടുതലാണ്. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് വലിയൊരു മാറ്റത്തിനാണ് തയ്യാറെടുക്കുന്നത് എന്ന കാര്യം വ്യക്തമാണ്. അതിനിടയിൽ ക്ലബ് കൈമാറ്റം സംഭവിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്തായാലും കുറച്ചു കൂടി കഴിഞ്ഞാലേ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ.

East Bengal Wants To Sign Two Kerala Blasters Players