മാസങ്ങൾക്കുള്ളിൽ റൊണാൾഡോക്ക് സൗദി മടുത്തു, അടുത്ത ലക്‌ഷ്യം തീരുമാനിച്ച് താരം | Cristiano Ronaldo

സൗദി അറേബ്യയിലേക്ക് ചേക്കേറി മാസങ്ങൾക്കുള്ളിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ അവിടം വിടാൻ തയ്യാറെടുക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വിമർശനം നടത്തിയതിനെ തുടർന്ന് ക്ലബിൽ നിന്നും പുറത്താക്കപ്പെട്ട താരം ഖത്തർ ലോകകപ്പിന് ശേഷമാണ് സൗദിയിലേക്ക് ചേക്കേറിയത്. സീസണിന്റെ തുടക്കത്തിലും ലോകകപ്പിലും മോശം പ്രകടനം നടത്തിയ താരം അതിനെ മറികടക്കാം എന്ന പ്രതീക്ഷ അൽ നസ്റിലേക്ക് ചേക്കേറുമ്പോൾ ഉണ്ടായിരുന്നു.

അൽ നസ്‌റിൽ മികച്ച പ്രകടനം നടത്തിയെങ്കിലും നിർണായക പോരാട്ടങ്ങളിൽ അവസരത്തിനൊത്ത് ഉയരാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് ഈ സീസണിൽ ഒരു കിരീടത്തിനു പോലും സാധ്യതയില്ലെന്ന നിലയിലാണ് അൽ നസ്ർ ഇപ്പോൾ നിൽക്കുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാതിരുന്ന റൊണാൾഡോക്ക് കരിയറിൽ ആദ്യമായാണ് രണ്ടു സീസണുകളിൽ കിരീടമില്ലാത്ത സാഹചര്യം വരുന്നത്.

സൗദി ക്ലബിന്റെ മോശം പ്രകടനത്തിൽ റൊണാൾഡോ നിരാശനാണെന്നും ഈ സീസണിന് ശേഷം ക്ലബ് വിടാൻ തയ്യാറെടുക്കുകയാണെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. യൂറോപ്പിലേക്ക് തന്നെ തിരിച്ചു വരാനാണ് റൊണാൾഡോ ഒരുങ്ങുന്നത്. ഏതെങ്കിലും ഒരു മികച്ച ക്ലബിൽ നിന്നും തനിക്ക് ഓഫർ ലഭിക്കുമെന്ന് താരം പ്രതീക്ഷിക്കുന്നു. ജനുവരിയിൽ അതേ പ്രതീക്ഷ റൊണാൾഡോക്ക് ഉണ്ടായിരുന്നെങ്കിലും ഒരു ക്ലബും താരത്തിനായി നീക്കം നടത്തിയിരുന്നില്ല.

അതേസമയം താരത്തിന്റെ മുൻ ക്ലബായ റയൽ മാഡ്രിഡ് റൊണാൾഡോക്ക് ഓഫർ നൽകിയെന്ന വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ കളിക്കാരനെന്ന നിലയിലല്ല, മറിച്ച് ക്ലബിന്റെ അംബാസിഡർ സ്ഥാനമാണ് റൊണാൾഡോക്ക് റയൽ മാഡ്രിഡ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. എന്നാൽ ഇനിയും കളിക്കളത്തിൽ തുടരാൻ ആഗ്രഹമുള്ള റൊണാൾഡോ ഈ വാഗ്‌ദാനം സ്വീകരിക്കുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.

Cristiano Ronaldo Wants To Leave Al Nassr