ക്ലബ് തലത്തിൽ മെസിയുടെ ആദ്യത്തെ ഷൂട്ടൗട്ട് വിജയം ഇന്റർ മിയാമിക്കൊപ്പം | Messi
എഫ്‌സി ഡള്ളാസിനെതിരായ മത്സരത്തിൽ തോൽവിയുടെയും പുറത്താകലിന്റെയും വക്കിൽ നിന്ന ഇന്റർ മിയാമിയെ തിരിച്ചു കൊണ്ടുവന്നത് ലയണൽ മെസി തന്നെയാണ്. ആറാം മിനുട്ടിൽ തന്നെ മെസി ഇന്റർ മിയാമിയെ മുന്നിലെത്തിച്ചെങ്കിലും പിന്നീട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് എൺപതാം മിനുട്ട് വരെയും പിന്നിലായിരുന്ന ടീം അഞ്ചു മിനുറ്റിനിടെ രണ്ടു ഗോൾ നേടിയാണ് തിരിച്ചു വന്നത്. ഈ രണ്ടു ഗോളുകൾക്കും പിന്നിൽ ലയണൽ മെസിയുടെ സാന്നിധ്യമുണ്ടായിരുന്നു.
മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ആദ്യത്തെ കിക്കെടുത്തു ഗോളാക്കി മാറ്റി മെസി ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. തുടർന്ന് ഇന്റർ മിയാമി താരങ്ങൾ എല്ലാവരും അവരുടെ കിക്ക് ഗോളാക്കി മാറ്റിയപ്പോൾ എഫ്‌സി ഡള്ളാസിന്റെ രണ്ടാമത്തെ കിക്കെടുത്ത താരം അത് പുറത്തേക്കടിച്ചു കളഞ്ഞത് ഇന്റർ മിയാമിയുടെ വിജയത്തിന് സഹായിച്ചു. ഇതോടെ ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ ഇന്റർ മിയാമിക്കായി.
Fact: Lionel Messi has won his first penalty shootout at club level. pic.twitter.com/V16Ixf01Zx
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 7, 2023
ലയണൽ മെസി ആദ്യമായാണ് ക്ലബ് തലത്തിൽ ഒരു പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം നേടുന്നത് എന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ടായിരുന്നു. ഇതിനു മുൻപ് ബാഴ്‌സലോണ, പിഎസ്‌ജി എന്നീ ക്ലബുകൾക്കു വേണ്ടിയാണ് മെസി കളിച്ചിട്ടുള്ളത്. ബാഴ്‌സലോണക്കൊപ്പം ഒരു ഷൂട്ടൗട്ടും മെസിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. അതേസമയം പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച് കപ്പിൽ ഷൂട്ടൗട്ട് നേരിട്ടിരുന്നെങ്കിലും സാവി സിമ്മൺസ് പെനാൽറ്റി തുലച്ച് മത്സരത്തിൽ തോൽവി വഴങ്ങുകയായിരുന്നു.
അമേരിക്കൻ ലീഗിലെ വെസ്റ്റേൺ കോൺഫറൻസിൽ എട്ടാം സ്ഥാനത്തു നിൽക്കുന്ന ടീമാണ് എഫ്‌സി ഡള്ളാസ്. വിറപ്പിച്ചെങ്കിലും അവർക്കെതിരെ വിജയം നേടാൻ കഴിഞ്ഞത് ഇന്റർ മിയാമിക്ക് വലിയ ആത്മവിശ്വാസം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഈ മുന്നേറ്റത്തിലൂടെ ഇന്റർ മിയാമിയെ ആദ്യത്തെ കിരീടത്തിലേക്ക് ലയണൽ മെസി നയിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
Messi Won First Penalty Shootout At Club Level