ആദ്യകിരീടം നേടിക്കൊടുക്കാനുള്ള സാധ്യത എന്നെ ആകർഷിച്ചു, ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നതിനെക്കുറിച്ച് മൈക്കൽ സ്റ്റാറെ | Mikael Stahre

കഴിഞ്ഞ ദിവസമാണ് ആരാധകരുടെ കാത്തിരിപ്പവസാനിപ്പിച്ച് പുതിയ പരിശീലകനെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാറെയാണ് അടുത്ത സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ കളി പഠിപ്പിക്കുന്നത്. കരിയറിൽ നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം മൂന്നാം തവണയാണ് ഏഷ്യയിലെ ഒരു ടീമിനെ പരിശീലിപ്പിക്കുന്നത്.

ഇതിനു മുൻപ് സ്വീഡൻ, യുഎസ്എ, നോർവേ, ഗ്രീസ്, ചൈന, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ളബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ചില ക്ളബുകൾക്കൊപ്പം ഏതാനും കിരീടം സ്വന്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നതിനു ശേഷം നടത്തിയ പ്രതികരണത്തിൽ കിരീടം തന്നെയാണ് തന്റെ പ്രധാന ലക്ഷ്യമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

“അവർ ഒരിക്കലും ഒരു ലീഗോ കിരീടമോ സ്വന്തമാക്കിയിട്ടില്ല. ഈ രാജ്യങ്ങളിൽ ഒരുപാട് പണം ചിലവഴിക്കുന്ന ടീമുകൾ ഉണ്ടായിരിക്കും. പക്ഷെ നിങ്ങൾക്കൊരു വിജയമെന്നത് ചിന്തിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല. വരാനിരിക്കുന്ന വർഷങ്ങളിൽ കിരീടം നേടണമെന്ന് തന്നെയാണ് അവർ കരുതുന്നത്. അവർ ഇതുവരെ നേടാത്തത് വിജയിക്കുകയെന്നതാണ് എന്നെ ആകർഷിച്ച കാര്യം.” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നു സീസണുകളായി ഇവാൻ വുകോമനോവിച്ചാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ഉണ്ടായിരുന്നത്. കിരീടമൊന്നും നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ടീമിനെ സന്തുലിതമായ ഒരു അവസ്ഥയിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇവാൻ വുകോമനോവിച്ച് സ്ഥാനമൊഴിഞ്ഞതിനു പകരക്കാരനെ കൊണ്ടുവരുമ്പോൾ അതിനേക്കാൾ മികച്ച പ്രകടനമാണ് ടീമിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്.

Mikael Stahre Wants To Win Titles With Kerala Blasters