മിലോസ് ഡ്രിൻസിച്ചും പുറത്തേക്ക്, ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത് വമ്പൻ അഴിച്ചുപണി തന്നെയെന്നുറപ്പായി | Milos Drincic

പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ അഴിച്ചുപണി നടത്തുമെന്ന സൂചനകളെ ശരിവെക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. നേരത്തെ അഡ്രിയാൻ ലൂണ, നോഹ സദൂയി, മിലോസ് ഡ്രിൻസിച്ച് എന്നിവർ ടീമിൽ തുടരുമെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും മിലോസ് ക്ലബ് വിടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇരുപത്തിയഞ്ചുകാരനായ മിലോസ് ഡ്രിൻസിച്ച് ഇക്കഴിഞ്ഞ സീസണിന് മുന്നോടിയായാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. ഒരു വർഷത്തെക്കായി കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ താരത്തിന്റെ കരാർ മാസത്തോടെ അവസാനിക്കാൻ പോവുകയാണ്. താരം കരാർ പുതുക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു നിൽക്കെയാണ് മിലോസ് ക്ലബ് വിട്ടേക്കുമെന്ന വാർത്തകൾ പുറത്തു വരുന്നത്.

മിലോസ് സ്വന്തം താൽപര്യത്തിൽ ക്ലബ് വിടുന്നതാണോ അതോ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പുതിയ കരാർ നൽകുന്നില്ലെന്ന തീരുമാനം എടുത്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കഴിഞ്ഞ സീസണിന്റെ അവസാനത്തെ ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ തനിക്ക് ഒരുപാട് ആഗ്രഹമുണ്ടെന്ന് ഡ്രിൻസിച്ച് വെളിപ്പെടുത്തിയിരുന്നതിനാൽ തീരുമാനം ക്ലബിന്റേതാകാനാണ് സാധ്യത.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ മൈക്കൽ സ്റ്റാറെയും ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ കരോളിസും തമ്മിൽ ഈ ദിവസങ്ങളിൽ ടീമിലേക്ക് എത്തിക്കേണ്ട താരങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. ഈ ചർച്ചകളുടെ ഭാഗമായാണ് ഈ തീരുമാനമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം താരത്തിന്റെ കരാർ പുതുക്കുന്നില്ലെന്ന തീരുമാനം എടുത്തുവെന്നു തന്നെ വേണം അനുമാനിക്കാൻ.

ഐഎസ്എല്ലിലെ ആദ്യത്തെ സീസണിൽ ഭേദപ്പെട്ട പ്രകടനമാണ് മീലൊസ് നടത്തിയത്. സെൻട്രൽ ഡിഫെൻഡറായാണ് കളിക്കുന്നതെങ്കിലും രണ്ടു ഗോളുകൾ ടീമിനായി നേടാൻ ഡ്രിൻസിച്ചിന് കഴിഞ്ഞു. അഞ്ചു ക്ലീൻഷീറ്റും താരം സ്വന്തമാക്കി. ഡ്രിൻസിച്ച് തുടരുന്നില്ലെങ്കിൽ അത് പുതിയ പരിശീലകന്റെ തീരുമാനമായിരിക്കുമെന്നാണ് കരുതേണ്ടത്.

Milos Drincic Likely To Leave Kerala Blasters