ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രതിരോധം തകരുന്നതിന്റെ കാരണമെന്താണ്, കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ താരം വെളിപ്പെടുത്തുന്നു | Milos Drincic
ഐഎസ്എൽ സീസണിന്റെ ആദ്യപകുതി കഴിഞ്ഞപ്പോൾ മികച്ച പ്രകടനം നടത്തുകയും ആരാധകർക്ക് കിരീടപ്രതീക്ഷ നൽകുകയും ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ തകർന്നടിഞ്ഞു പോകുന്നതാണ് കാണുന്നത്. രണ്ടാം പകുതിയിൽ നടന്ന അഞ്ചു മത്സരങ്ങളിൽ നാലെണ്ണത്തിലും തോൽവി വഴങ്ങിയ ടീമിന് ഷീൽഡ് സ്വന്തമാക്കാമെന്ന പ്രതീക്ഷകൾ ഇപ്പോൾ പൂർണമായും നഷ്ടമായിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം ഫോമിനൊപ്പം ചർച്ചയാകുന്നത് പ്രതിരോധത്തിലെ പോരായ്മകൾ കൂടിയാണ്. അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതിനു ശേഷമുള്ള മൂന്നു മത്സരങ്ങൾ ഒരു ഗോൾ പോലും വഴങ്ങാതെ വിജയം നേടിയ ടീമിപ്പോൾ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒൻപത് ഗോളുകൾ വഴങ്ങിയിരിക്കുന്നു. സൂപ്പർ കപ്പിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ നാല് ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.
Milos Drincic 🗣️ I believe we have the best defense in ISL. But it's important to remember that defense isn't just responsibility of 4 designated players. Entire team is committed to it. Unfortunately,injuries to several players made it a challenge for us" @manoramaonline #KBFC pic.twitter.com/ortHLqWBMY
— KBFC XTRA (@kbfcxtra) March 3, 2024
നിലവിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിൽ ലെസ്കോവിച്ചാണ് പരിക്കേറ്റു പുറത്തിരിക്കുന്ന പ്രധാന താരം. കഴിഞ്ഞ രണ്ടു മത്സരങ്ങൾ മാത്രമാണ് ക്രൊയേഷ്യൻ താരത്തിന് നഷ്ടമായിരിക്കുന്നത്. എന്നിട്ടും ബ്ലാസ്റ്റേഴ്സ് പ്രതിരോധം എന്തുകൊണ്ട് പതറുന്നുവെന്നതിനു കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു അഭിമുഖത്തിൽ ടീമിന്റെ പ്രധാന പ്രതിരോധതാരമായ മിലോസ് ഡ്രിഞ്ചിച്ച് മറുപടി നൽകിയിരുന്നു.
“ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രതിരോധനിരയാണ് കേരള ബ്ലാസ്റ്റേഴ്സിന്റേതെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ പ്രതിരോധമെന്നത് ആ ചുമതല ഏൽപ്പിക്കപ്പെട്ട നാല് താരങ്ങളുടെ മാത്രം ചുമതല അല്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. ടീമിലെ എല്ലാവരും അതിനു ബാധ്യസ്ഥരാണ്. എന്നാൽ പരിക്കേറ്റ നിരവധി താരങ്ങളുടെ അഭാവം അതിനു പുറകോട്ടടിപ്പിക്കുന്നു.” കഴിഞ്ഞ ദിവസം മിലോസ് പറഞ്ഞു.
പ്രതിരോധനിരയിലെ താരങ്ങളുടെ മാത്രം പരിക്കല്ല ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ ബാധിച്ചതെന്നത് വ്യക്തമാണ്. മുന്നേറ്റനിര താരമായ പെപ്ര ഈ സീസൺ മുഴുവൻ പരിക്കേറ്റു പുറത്തു പോയിരുന്നു. അപാരമായ പ്രെസിങ് ശേഷിയുള്ള താരത്തിന്റെ അഭാവവും, അതിനു പുറമെ മധ്യനിരയിലെ കൺട്രോളർ ആയിരുന്ന വിബിൻ മോഹനൻ പുറത്തായതും ടീമിനെ ബാധിച്ചിരുന്നു.
Milos Drincic Talks About Kerala Blasters Defence