എക്കാലത്തെയും മികച്ച താരം, മെസി വിരമിച്ചാലെ മറ്റൊരാൾക്ക് ലോകത്തിലെ ഏറ്റവും മികച്ചതാവാൻ കഴിയൂവെന്ന് എർലിങ് ഹാലൻഡ് | Lionel Messi

ഈ വർഷത്തെ ഫിഫ ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിന്നാലെ അതിനെച്ചൊല്ലി വലിയ വിവാദങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു. ലയണൽ മെസിയാണ് ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടിയത്. എന്നാൽ പുരസ്‌കാരത്തിന് അർഹത മാഞ്ചസ്റ്റർ സിറ്റിയെ ട്രെബിൾ കിരീടത്തിലേക്ക് നയിച്ച എർലിങ് ഹാലാൻഡിനായിരുന്നുവെന്നാണ് നിരവധിയാളുകൾ ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ ലോകകപ്പിന് ശേഷം ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ലയണൽ മെസി തന്നെയാണ് അവാർഡ് നേടിയത്. അതിനു ശേഷം താരം കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കിയിരുന്നില്ല എന്നതാണ് മെസിക്ക് പുരസ്‌കാരം നൽകിയതിൽ ചോദ്യങ്ങളുയരാൻ കാരണമായത്. എന്നാൽ ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങൾ വോട്ടെടുപ്പിലൂടെയാണ് തീരുമാനിക്കുന്നത് എന്നതിനാൽ അതെല്ലാം നിശബ്‌ദമാക്കപ്പെട്ടു.

കഴിഞ്ഞ ദിവസം എർലിങ് ഹാലാൻഡിനോട് പുരസ്‌കാരം നേടാൻ കഴിയാതിരുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചിരുന്നു. ലയണൽ മെസി ഫിഫ ബെസ്റ്റ് നേടിയതോടെ താരം വിരമിച്ചാൽ മാത്രമേ മറ്റുള്ളവർക്ക് അവാർഡ് ലഭിക്കാൻ സാധ്യതയുള്ളൂവെന്ന് കരുതുന്നുണ്ടോയെന്നാണ് ചോദ്യമുണ്ടായത്. ഇതിനുള്ള ഹാലാൻഡിന്റെ മറുപടി വളരെ മികച്ചതായിരുന്നു.

“നല്ല ചോദ്യം, എനിക്കറിയില്ല. ഞാൻ കിരീടങ്ങളെല്ലാം നേടിയിരുന്നു. എനിക്ക് ഇരുപത്തിമൂന്നു വയസാനുള്ളത്, എനിക്ക് ഇനിയും കിരീടങ്ങൾ സ്വന്തമാക്കണം. ഇതുവരെ കളിച്ചിട്ടുള്ള താരങ്ങളിൽ ഏറ്റവും മികച്ചതാണ് ലയണൽ മെസി. ചിലപ്പോൾ താരം റിട്ടയർ ചെയ്‌താലേ മറ്റൊരു താരത്തിന് ഏറ്റവും മികച്ചതായി മാറാൻ കഴിയൂ.” ഹാലൻഡ് ചോദ്യത്തിന് മറുപടി പറഞ്ഞു.

എർലിങ് ഹാലൻഡിനെ സംബന്ധിച്ച് പുരസ്‌കാരങ്ങൾ നേടാൻ അടുത്ത തവണയും അവസരമുണ്ട്. നിലവിൽ പ്രീമിയർ ലീഗിൽ കിരീടപ്രതീക്ഷയോടെ മുന്നോട്ടു കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കാനുള്ള കരുത്തുണ്ട്. അതുകൊണ്ടു തന്നെ കിരീടങ്ങൾ സ്വന്തമാക്കിയാൽ അടുത്ത തവണ ഫിഫ ബെസ്റ്റും ബാലൺ ഡി ഓറും ഹാളണ്ടിന് സ്വന്തമാക്കാൻ കഴിയും.

Lionel Messi Praised By Erling Haaland