ഇവാനാശാൻ പദ്ധതികൾ മാറ്റിപ്പിടിക്കുകയാണോ, വിജയം കാണുമോയെന്നറിയാൻ പ്ലേ ഓഫ് വരെ കാത്തിരിക്കേണ്ടി വരും | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തിയിരുന്ന ടീമിൽ നിന്നും മോശം പ്രകടനം നടത്തിയ ടീമിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വീണത് വളരെ പെട്ടന്നായിരുന്നു. സൂപ്പർകപ്പിന് മുൻപ് ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീം സൂപ്പർകപ്പിലും അതിനു ശേഷവും മോശം പ്രകടനം നടത്തി കഴിഞ്ഞ അഞ്ച് ഐഎസ്എൽ മത്സരങ്ങളിൽ നാലെണ്ണത്തിലും തോൽവി വഴങ്ങി അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നേരിടുന്ന തിരിച്ചടികൾക്ക് താരങ്ങളുടെ പരിക്കുകൾ ഒരു പരിധി വരെ കാരണമായിട്ടുണ്ട്. അഡ്രിയാൻ ലൂണ, പെപ്ര, സച്ചിൻ സുരേഷ്, ഐബാൻ തുടങ്ങി നിരവധി താരങ്ങൾക്ക് പരിക്ക് കാരണം സീസൺ നഷ്‌ടമായി. അതുകൊണ്ടു തന്നെ ടീം ഫോർമേഷൻ മാറിയത് ലക്ഷ്യങ്ങളിലും പദ്ധതികളിലും മാറ്റം വരുത്താൻ ഇവാൻ വുകോമനോവിച്ചിനെ പ്രേരിപ്പിച്ചിട്ടുണ്ടെന്നു വേണം കരുതാൻ.

സീസണിന്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലേക്ക് വീണതിന് പിന്നാലെ ടീം ഫോർമേഷനിൽ ഇവാൻ വുകോമനോവിച്ച് ഒരുപാട് മാറ്റങ്ങൾ വരുത്തുന്നുണ്ട്. അദ്ദേഹം തന്റെ കയ്യിലുള്ള താരങ്ങളെ എങ്ങിനെ ഉപയോഗിക്കാൻ കഴിയുമെന്ന് വിലയിരുത്തുകയാണെന്നാണ് മനസിലാക്കേണ്ടത്. ഇതിൽ നിന്നും പുതിയൊരു ഫോർമേഷൻ സൃഷ്‌ടിക്കാൻ കഴിയുമോയെന്നാണ് അദ്ദേഹം നോക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ നിന്നും ഉറപ്പിക്കാൻ കഴിയുന്ന ഒരു കാര്യമുണ്ട്. ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി ഷീൽഡ് നേടാൻ ബ്ലാസ്റ്റേഴ്‌സിന് നിലവിൽ പദ്ധതിയില്ല. ഇനിയുള്ള മത്സരങ്ങളിൽ കൃത്യമായി താരങ്ങളെ പരീക്ഷിച്ച് പ്ലേ ഓഫ് ഉറപ്പിച്ച് അതിലെ മത്സരങ്ങൾ കളിക്കാൻ മികച്ചൊരു ഇലവനെ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവാൻ മുന്നോട്ടു പോകുന്നതെന്നാണ് കരുതേണ്ടത്.

ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തും കഴിഞ്ഞ സീസണിൽ ടീം അഞ്ചാം സ്ഥാനത്തുമാണ് ഉണ്ടായിരുന്നത്. ആദ്യത്തെ സീസണിൽ ടീമിനെ ഫൈനലിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്ലേ ഓഫ് ആകുമ്പോഴേക്കും നിലവിലുള്ള താരങ്ങളെ കൃത്യമായി ഉപയോഗിച്ച് ഒരു ഫോർമുല ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ ഐഎസ്എൽ കിരീടത്തിനായി പൊരുതാൻ ടീമിന് കഴിയും.

Kerala Blasters Change Strategies Due To Injuries