മെസിക്ക് ഇടമില്ലെങ്കിലും അർജന്റീന താരങ്ങളുടെ ആധിപത്യം, എംഎൽഎസ് ഈ സീസണിലെ മികച്ച താരങ്ങളുടെ അന്തിമ പട്ടിക പുറത്ത് | MLS

ലയണൽ മെസി എത്തിയതിനു ശേഷം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിക്ക് വലിയ കുതിപ്പാണ് ഉണ്ടായത്. സീസണിന്റെ പകുതിയായപ്പോൾ എത്തിയ ലയണൽ മെസി ലീഗ്‌സ് കപ്പിലാണ് ആദ്യമായി ഇറങ്ങിയത്. അതിൽ തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കി ഇന്റർ മിയാമിക്ക് ആദ്യത്തെ കിരീടം നേടിക്കൊടുക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞു. എന്നാൽ നിരവധി ലീഗ് മത്സരങ്ങൾ പരിക്ക് കാരണം മെസിക്ക് നഷ്‌ടമായപ്പോൾ അതിൽ പ്ലേ ഓഫിലേക്ക് മുന്നേറാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞില്ല.

എംഎൽഎസിൽ മികച്ച പ്രകടനം നടത്താൻ മെസിക്ക് കഴിയാതിരുന്നതിനാൽ തന്നെ ഈ സീസണിൽ എംഎൽഎസിലെ മികച്ച താരങ്ങളുടെ അന്തിമപട്ടിക പുറത്തു വന്നപ്പോൾ അതിൽ ലയണൽ മെസിയില്ല. പ്ലേയർ ഓഫ് ദി സീസണിനുള്ള അവസാനത്തെ മൂന്നു താരങ്ങളുടെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. മെസി ഇല്ലെങ്കിലും അർജന്റീനയിൽ നിന്നുള്ള രണ്ടു താരങ്ങൾ ലിസ്റ്റിലുണ്ട്. തിയാഗോ അൽമാഡ, ലൂസിയാനോ അക്കോസ്റ്റ എന്നീ അർജന്റീന താരങ്ങളും ഗാബോൺ താരം ഡെനിസ് ബുവാങ്ങയുമാണ് മൂന്നു താരങ്ങൾ.

അർജന്റീനയുടെ ലോകകപ്പ് ടീമിലുണ്ടായിരുന്ന താരമാണ് തിയാഗോ അൽമാഡ. ഈ സീസണിൽ എംഎൽഎസിൽ മുപ്പത്തിയൊന്നു മത്സരങ്ങളിൽ നേടിയ പതിനൊന്നു ഗോളും പതിനാറ് അസിസ്റ്റുമടക്കം ഗംഭീര പ്രകടനമാണ് ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ള താരം അറ്റ്‌ലാന്റാ യുണൈറ്റഡിനായി നടത്തിയത്. ഫ്രീകിക്കിൽ നിന്നും ലോങ്ങ് റേഞ്ചറുകളിൽ നിന്നും ഗോൾ നേടാൻ താരത്തിനുള്ള കഴിവ് നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. യൂറോപ്പിലെ പല ക്ലബുകളും തിയാഗോയെ നോട്ടമിട്ടിട്ടുമുണ്ട്.

ഇരുപത്തിയൊമ്പതു വയസുള്ള ലൂസിയാനോ അക്കോസ്റ്റ എഫ്‌സി സിൻസിനാറ്റിക്ക് വേണ്ടിയാണ് കളിക്കുന്നത്. ഈ സീസണിൽ മുപ്പത്തിരണ്ടു മത്സരങ്ങളിൽ ടീമിനായി ഇറങ്ങിയ താരം പതിനേഴു ഗോളുകൾ നേടുകയും പത്ത് ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു എംഎൽഎസിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ടീമാണ് എഫ്‌സി സിൻസിനാറ്റിയെന്നത് താരം പുരസ്‌കാരം നേടാൻ സാധ്യത വർധിപ്പിക്കുന്നു. അതേസമയം ലോസ് ഏഞ്ചൽസ് എഫ്‌സി താരമായ ബുവങ്ങ ഇരുപത് ഗോളും ആറ് അസിസ്റ്റുമാണ് സീസണിൽ സ്വന്തമാക്കിയത്.

സീസണിന്റെ പകുതിയിലാണ് എംഎൽഎസിൽ എത്തിയതെന്നതും നിർണായകമായ സമയത്തെ മത്സരങ്ങൾ പരിക്ക് കാരണം നഷ്‌ടമായി എന്നതും ലയണൽ മെസിക്ക് എംഎൽഎസിൽ മുന്നേറ്റമുണ്ടാക്കുന്നതിനു തടസം സൃഷ്‌ടിച്ചിട്ടുണ്ട്. എന്നാൽ മെസിയുടെ അഭാവത്തിൽ രണ്ട് അർജന്റീന താരങ്ങൾ മുൻനിരയിലുള്ളത് ആരാധകർക്ക് സന്തോഷിക്കാൻ വക നൽകുന്നു. അടുത്ത സീസണിന്റെ തുടക്കം മുതൽ മെസി ഉണ്ടാകുമെന്നതിനാൽ ആരാധകർക്ക് കൂടുതൽ പ്രതീക്ഷയുണ്ട്.

MLS MVP Award Finalists Announced