ഒളിപ്പിച്ചു വെച്ച വജ്രായുധം തേച്ചുമിനുക്കി പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു, വമ്പൻ തിരിച്ചുവരവിന്റെ സൂചനകൾ ലഭിച്ചു | Jaushua Sotirio

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിന് കേരള ബ്ലാസ്റ്റേഴ്‌സ് വൈകിയാണ് തയ്യാറെടുത്തത്. എഐഎഫ്എഫിന്റെ വമ്പൻ പിഴശിക്ഷ ലഭിച്ചത് പുതിയ താരങ്ങളെ വാങ്ങാനുള്ള ടീമിന്റെ പദ്ധതികളെ ബാധിച്ചപ്പോൾ നോട്ടമിട്ട പല താരങ്ങളെയും സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ലായിരുന്നു. ഡ്യൂറൻഡ് കപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തു പോയതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനു വേണ്ട താരങ്ങളെ പൂർണമായും സ്വന്തമാക്കിയത്.

അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച ഒരു വിദേശതാരത്തിനു പരിക്ക് പറ്റുകയും ചെയ്‌തിരുന്നു. ടീമിലെത്തി പരിശീലനം നടത്തുന്നതിനിടെ ഓസ്‌ട്രേലിയൻ താരം ജൗഷുവ സോട്ടിരിയോക്കാണ് പരിക്കേറ്റത്. ഇതോടെ താരത്തിന് ഇതുവരെ ഒരു മത്സരം പോലും കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാൻ കഴിഞ്ഞിട്ടില്ല. സോട്ടിരിയോക്ക് പരിക്ക് പറ്റിയതിനു പകരക്കാരനായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജാപ്പനീസ് താരമായ ഡൈസുകയെ ഡ്യൂറൻഡ് കപ്പിനു ശേഷം ടീമിലേക്ക് എത്തിച്ചത്.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പരിക്കിന്റെയും വിലക്കിന്റെയും പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സമയത്ത് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്ത പുറത്തു വരുന്നത് ഓസ്‌ട്രേലിയൻ താരം ജൗഷുവ പരിക്കിൽ നിന്നും മുക്തനായി വരികയാണെന്നതാണ്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രമിൽ താരം പോസ്റ്റ് ചെയ്‌ത സ്റ്റോറിയിൽ ഓപ്പറേഷൻ കഴിഞ്ഞ് മൂന്നു മാസങ്ങളായെന്നും കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്നുമാണ് പറയുന്നത്.

സോട്ടിരിയോക്ക് 2024 ജനുവരി പുറത്തിരിക്കേണ്ടി വരുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ താരം എപ്പോഴാണ് കളിക്കളത്തിലേക്ക് തിരിച്ചു വരികയെന്ന കാര്യത്തിൽ നിലവിൽ കൃത്യമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ സംബന്ധിച്ച് സോട്ടിരിയോ സീസണിന്റെ ഇടയിൽ ടീമിലേക്ക് വരുന്നത് കൂടുതൽ കരുത്തു നൽകും. ടീമിന് നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന മികച്ചൊരു താരത്തിന്റെ വരവ് അവരുടെ മുന്നോട്ടു പോക്കിനെ സഹായിക്കും.

വിങ്ങറായും ഫോർവേഡായും കളിക്കാൻ കഴിയുന്ന സോട്ടിരിയോ ഓസ്‌ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് വന്നത്. രണ്ടു വർഷത്തെ കരാറിലാണ് ജൗഷുവ ടീമിലെത്തിയത്. അതേസമയം ജേഷുവായുടെ പകരക്കാരനായി എത്തിയ ഡൈസുകെയും ടീമിനായി മികച്ച പ്രകടനം നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ സീസണിന്റെ ഇടയിൽ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരുന്നത് ടീമിന് വലിയ രീതിയിൽ ഉപകാരപ്പെടും.

Jaushua Sotirio Recovering From Injury