ആത്മാർത്ഥതയുടെ പ്രതിരൂപമായി ദിമിത്രിയോസ്, ഗ്രീസിലേക്ക് പോയ താരം കൊച്ചിയിൽ തിരിച്ചെത്തി | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആശങ്കപ്പെടുത്തിയാണ് ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസ് തന്റെ നാടായ ഗ്രീസിലേക്ക് പോയെന്ന വാർത്ത പുറത്തു വന്നത്. ഒഡിഷ എഫ്‌സിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് ഇരുപത്തിനാലു മണിക്കൂർ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് സ്വന്തം നാട്ടിലേക്ക് പോയത്. പ്രധാന താരങ്ങളിൽ പലരും പരിക്കേറ്റിരിക്കുന്ന സാഹചര്യത്തിൽ ഇത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകുമെന്ന ആശങ്ക അതോടെ ശക്തമായി.

ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിനായി ഇറങ്ങുമ്പോൾ പരിക്കും വിലക്കും കാരണം അഞ്ചു താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമായിരിക്കുന്നത്. പ്രബീർ ദാസ്, മിലോസ് എന്നിവർക്ക് ഈസ്റ്റ് ബംഗാളിനെതിരെയുള്ള അടുത്ത മത്സരം വരെ പുറത്തിരിക്കേണ്ടി വരും. ലെസ്‌കോവിച്ച് ഒഡിഷാക്കെതിരെ ഇറങ്ങില്ലെന്ന് ഇവാൻ തന്നെ വ്യക്തമായിരുന്നു. ജീക്സണും ഐബാനും കുറച്ചു കാലത്തേക്ക് പുറത്താണ്. ഇതിനിടയിലാണ് ദിമിത്രിയോസും കൊച്ചി വിട്ടത്.

അതേസമയം ഒരു സന്തോഷവാർത്തയെ തുടർന്നാണ് ദിമിത്രിയോസ് നാട്ടിലേക്ക് പോയത്. താരത്തിന്റെ ഭാര്യ പ്രസവിച്ചതിനെ തുടർന്ന് കുട്ടിയെ കാണുന്നതിന് വേണ്ടിയാണ് താരത്തിന് നിർണായകമായ മത്സരത്തിന് മുൻപ് നാട്ടിലേക്ക് പോകാൻ ബ്ലാസ്റ്റേഴ്‌സ് അനുമതി നൽകിയത്. ഒരു കുട്ടിയുണ്ടാകുന്ന ഏതൊരു അച്ഛനും അവരുടെ കൂടെ ചെലവഴിക്കാനാണ് ആഗ്രഹിക്കുകയെങ്കിലും നിർണായകമായ ഒരു മത്സരമാണെന്ന ബോധ്യമുള്ളതിനാൽ ദിമിത്രിയോസ് ഉടനെ തന്നെ തിരിച്ചു വരികയും ചെയ്തു.

റിപ്പോർട്ടുകൾ പ്രകാരം ഗ്രീസിലേക്ക് പോയ താരം ഇന്നലെ രാത്രിക്ക് മുൻപേ തന്നെ തിരിച്ച് കൊച്ചിയിൽ എത്തിയിട്ടുണ്ട്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ഇറങ്ങാൻ താരം തയ്യാറുമാണ്. താനൊരു കുട്ടിയുടെ അച്ഛനായിട്ടും അവർക്കൊപ്പം ചിലവഴിക്കാതെ ടീമിന്റെ സാഹചര്യങ്ങൾ മനസിലാക്കി തിരിച്ചെത്തിയ ദിമിത്രിയോസിനോട് ആരാധകർ നന്ദി പറയുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോട് താരത്തിനുള്ള ആത്മാർഥത ഇതിൽ നിന്നും വ്യക്തമാണ്.

കുട്ടി ജനിച്ചത് ഇന്നത്തെ മത്സരത്തിനായി ഇറങ്ങുമ്പോൾ ദിമിത്രിയോസിനു കൂടുതൽ ഊർജ്ജം നൽകുമെന്നതിൽ സംശയമില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോറർ ആയിരുന്നെങ്കിലും ഈ സീസണിൽ മൂന്നു മത്സരങ്ങൾ കഴിഞ്ഞിട്ടും താരം ഗോൾ നേടിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഒഡിഷ എഫ്‌സിക്കെതിരെ ഗോൾ നേടാൻ കഴിഞ്ഞാൽ അത് താരത്തിന് ഇരട്ടിമധുരമായി മാറും. കഴിഞ്ഞ മത്സരം പോലെ ദിമിയും പെപ്രയും ഒരുമിച്ചിറങ്ങാനാണ് സാധ്യത.

Dimitrios Diamantakos Reached Back In Kochi