ഫിഫ റാങ്കിങ്ങിൽ അർജന്റീനയുടെ ആധിപത്യം തുടരുന്നു, വമ്പൻ കുതിപ്പുമായി പോർച്ചുഗൽ | FIFA Ranking

ഒക്ടോബർ മാസത്തിലെ ഫിഫ റാങ്കിങ് പുറത്തു വന്നപ്പോൾ അവിശ്വസനീയ കുതിപ്പിൽ തുടരുന്ന അർജന്റീന ടീം തന്നെ ഒന്നാം സ്ഥാനം നിലനിർത്തി. ഖത്തർ ലോകകപ്പിൽ കിരീടം നേടിയതിനു ശേഷം ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു വന്ന ടീം അവിടെ നിന്നങ്ങോട്ട് നടന്ന മത്സരങ്ങളിൽ ഒന്നു പോലും തോൽക്കാതെയാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. മികച്ച പ്രകടനം തുടരുന്ന സ്‌കലോണിപ്പട 1861 പോയിന്റ് നേടിയാണ് ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

അർജന്റീന ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ടീം ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് തോൽവി വഴങ്ങിയ ഫ്രാൻസാണ്. 1853 പോയിന്റ് സ്വന്തമാക്കിയ അവർ അർജന്റീനക്ക് തൊട്ടു പിന്നിൽ നിൽക്കുന്നു. അതേസമയം ലോകകപ്പിന് മുൻപ് ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ 1812 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഫിഫ ലോകകപ്പിന് ശേഷം രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയത് ബ്രസീലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലാണ് വലിയ കുതിപ്പുണ്ടാക്കിയ ടീം. ലോകകപ്പിൽ മൊറോക്കോയോടേറ്റ തോൽവിക്ക് ശേഷം പിന്നീടൊരു മത്സരത്തിൽ പോലും തോൽവി നേരിട്ടിട്ടില്ലാത്ത പോർച്ചുഗൽ ടീം രണ്ടു സ്ഥാനങ്ങൾ മുന്നേറി ആറാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്. റോബർട്ടോ മാർട്ടിനസിനു കീഴിൽ ടീം ശരിയായ ദിശയിലാണെന്ന് ഇത് വ്യക്തമാക്കുന്നു. 1739 പോയിന്റാണ് പോർച്ചുഗൽ ടീമിന് ഫിഫ റാങ്കിങ്ങിൽ നിലവിലുള്ളത്.

ഇംഗ്ലണ്ട്, ബെൽജിയം എന്നീ ടീമുകളാണ് ലോകറാങ്കിങ്ങിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്നത്. 1807,1793 എന്നിങ്ങനെയാണ് ഈ ടീമുകളുടെ നിലവിലുള്ള പോയിന്റ് നില. പോർച്ചുഗൽ ആറാം സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ നെതർലാൻഡ്‌സാണ് ഏഴാം സ്ഥാനത്ത്. സ്പെയിൻ റാങ്കിങ്ങിൽ രണ്ടു സ്ഥാനം ഉയർച്ച നേടി എട്ടാം സ്ഥാനത്തേക്ക് വന്നപ്പോൾ ഇറ്റലിയാണ് ഒൻപതാം സ്ഥാനത്ത്. ക്രൊയേഷ്യ റാങ്കിങ്ങിൽ നാല് സ്ഥാനങ്ങൾ ഇടിവ് സംഭവിച്ച് പത്താം സ്ഥാനത്തേക്കും വീണു.

അതേസമയം കഴിഞ്ഞ തവണ തന്നെ നൂറ്റിരണ്ടാം സ്ഥാനത്തേക്ക് വീണ ഇന്ത്യൻ ഫുട്ബോൾ ടീം അവിടെ തന്നെ തുടരുകയാണ്. ഏഷ്യൻ റാങ്കിങ്ങിൽ ജപ്പാനാണ് മുന്നിൽ നിൽക്കുന്നത്. ലോകറാങ്കിങ്ങിൽ പതിനെട്ടാം സ്ഥാനത്തു നിൽക്കുന്ന അവർ ഏഷ്യൻ റാങ്കിങ്ങിൽ രണ്ടാമതുള്ള ഇറാനെക്കാൾ മൂന്നു സ്ഥാനങ്ങൾ മുകളിലാണ് നിൽക്കുന്നത്. ഏഷ്യൻ റാങ്കിങ്ങിൽ സൗത്ത് കൊറിയ മൂന്നാമതും ഓസ്‌ട്രേലിയ നാലാമതും നിൽക്കുന്ന ലിസ്റ്റിൽ സൗദി അറേബ്യയാണ് അഞ്ചാം സ്ഥാനത്ത്.

Argentina Tops In Latest FIFA Ranking