റയൽ മാഡ്രിഡ് താരത്തെ സന്ദർശിച്ച് ഡേവിഡ് ബെക്കാം, മെസിക്കൊപ്പം കളിക്കാനെത്തിയേക്കും | Messi

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു പിന്നാലെ നിരവധി താരങ്ങൾ അമേരിക്കൻ ക്ലബ്ബിലേക്ക് വന്നിരുന്നു. ലയണൽ മെസിയുടെ ബാഴ്‌സലോണ സഹതാരങ്ങളായിരുന്ന സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ തുടങ്ങിയവരാണ് ഇന്റർ മിയാമിയിൽ താരത്തിനൊപ്പം ചേർന്നത്. ഈ താരങ്ങൾ കൂടി വന്നതിനു ശേഷം ഗംഭീര ഫോമിൽ കളിക്കുന്ന ഇന്റർ മിയാമി എട്ടു മത്സരങ്ങൾ തുടർച്ചയായി വിജയിക്കുകയും ഒരു കിരീടം സ്വന്തമാക്കുകയും ചെയ്‌തു.

ഈ താരങ്ങൾക്ക് പുറമെ മറ്റു ചില താരങ്ങളെയും ടീമിലെത്തിച്ച് ഇന്റർ മിയാമിയെ വമ്പൻ ടീമാക്കി മാറ്റാനുള്ള നീക്കങ്ങൾ ഉടമയായ ഡേവിഡ് ബെക്കാം നടത്തുന്നുണ്ട്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് മധ്യനിര താരമായ ലൂക്ക മോഡ്രിച്ചിനെ സ്വന്തമാക്കാനുള്ള പദ്ധതിയിലാണ് മുൻ ഇംഗ്ലീഷ് താരം. കഴിഞ്ഞ ദിവസം ക്രൊയേഷ്യയിൽ ലൂക്ക മോഡ്രിച്ചിനൊപ്പം വീക്കെൻഡ് ചിലവഴിക്കുന്ന ഡേവിഡ് ബെക്കാമിന്റെ ചിത്രങ്ങൾ പുറത്തു വരികയും ചെയ്‌തിട്ടുണ്ട്‌.

മോഡ്രിച്ചിനെ ഇന്റർ മിയാമിയിലെത്തിക്കാനുള്ള നീക്കങ്ങൾ ബെക്കാം ആരംഭിച്ചുവെന്നാണ് ഇതിൽ നിന്നും മനസിലാക്കാവുന്നത്. റയൽ മാഡ്രിഡുമായി ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കിയെങ്കിലും മോഡ്രിച്ചിന് ടീമിൽ അവസരങ്ങൾ കുറവാണ്. വാൽവെർദെ, കാമവിങ്ങാ എന്നിവരെയാണ് ആൻസലോട്ടി പരിഗണിക്കുന്നത്. ബില്ലിങ്‌ഹാമിന്റെ വരവോടെ ടീമിന്റെ ഫോർമേഷനിൽ വരുത്തിയ മാറ്റവും ലൂക്ക മോഡ്രിച്ചിന്റെ അവസരങ്ങൾ കുറയുന്നതിനു വഴിയൊരുക്കിയിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിൽ അവസരങ്ങൾ കുറയുമെന്ന് മോഡ്രിച്ചിനെ ആൻസലോട്ടി അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് താരം ഇന്റർ മിയാമി ട്രാൻസ്‌ഫർ പരിഗണിച്ചാലും അത്ഭുതപ്പെടാൻ കഴിയില്ല. അതിനു വേണ്ടി താരത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ബെക്കാം നടത്തുകയും ചെയ്യുന്നു. മോഡ്രിച്ച് എത്തുകയാണെങ്കിൽ ഇന്റർ മിയാമിയുടെ കരുത്ത് ഒന്നുകൂടി വർധിക്കുമെന്ന് കാര്യത്തിൽ സംശയമില്ല.

Modric May Join With Messi In Inter Miami