ഹാട്രിക്കിനെക്കാൾ പ്രധാനമാണ് മറ്റു പലതും, പെനാൽറ്റി സഹതാരത്തിനു വിട്ടുകൊടുത്ത് റൊണാൾഡോ | Ronaldo

സൗദി പ്രൊ ലീഗിൽ വീണ്ടും മാസ് പ്രകടനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ മത്സരത്തിൽ മൂന്നു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ റൊണാൾഡോ ഇന്നലെ അൽ ഷബാബിനെതിരെ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് അൽ നസ്ർ മത്സരത്തിൽ സ്വന്തമാക്കിയത്.

മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യത്തെ ഗോൾ നേടുന്നത്. ഒട്ടാവിയോക്ക് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാൾഡോ ആദ്യത്തെ ഗോൾ സ്വന്തമാക്കിയത്. അതിനു ശേഷം ഇരുപതാം മിനുട്ടിൽ താരം ഒരു ഗോൾ കൂടി നേടിയെങ്കിലും വീഡിയോ റഫറി അത് നിഷേധിച്ചു. മുപ്പത്തിയെട്ടാം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും മറ്റൊരു ഗോൾ കൂടി നേടിയ റൊണാൾഡോ അതിനു പിന്നാലെ സാദിയോ മാനെ നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.

രണ്ടാം പകുതിയിലാണ് റൊണാൾഡോ ആരാധകരുടെ ഹൃദയം കവർന്നത്. ഹാട്രിക്ക് നേടാൻ അവസരവുമായി താരം നിൽക്കെ അറുപത്തിമൂന്നാം മിനുട്ടിൽ ഒരു പെനാൽറ്റി ലഭിച്ചു. എന്നാൽ പെനാൽട്ടി സ്വയം എടുക്കാതെ മോശം ഫോമിലുള്ള അബ്ദുൾറഹ്മാൻ ഗരീബിനു നൽകുകയായിരുന്നു റൊണാൾഡോ. എന്നാൽ പെനാൽറ്റി എടുത്ത സൗദി താരത്തിന് അത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് തെറിച്ചു പോരുകയായിരുന്നു.

പെനാൽറ്റി റൊണാൾഡോ ഗോളാക്കിയിരുന്നെങ്കിൽ കരിയറിൽ 850 ഗോളെന്ന നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞേനെ. മത്സരത്തിൽ ടീമിന്റെ അവസാനത്തെ ഗോൾ നേടിയത് സുൽത്താൻ അൽ ഗന്നമാണ്. ആദ്യത്തെ രണ്ടു ലീഗ് മത്സരങ്ങളിൽ തോൽവിയോടെ തുടങ്ങിയ അൽ നസ്ർ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. റൊണാൾഡോയുടെ ഉജ്ജ്വല ഫോമും അവർക്ക് ആത്മവിശ്വാസം പകരുന്നു. കഴിഞ്ഞ സീസണിൽ നഷ്‌ടമായ ലീഗ് കിരീടം ഇത്തവണ നേടുമെന്നുറപ്പിച്ചാണ് അൽ നസ്ർ മുന്നോട്ടു കുതിക്കുന്നത്.

Ronaldo Give Penalty To Teammate