മുംബൈയിൽ ബ്ലാസ്റ്റേഴ്‌സിന് തൊട്ടതെല്ലാം പിഴച്ചു, വിജയക്കൊടി പാറിച്ച് മുംബൈ സിറ്റി | ISL

രണ്ടു ടീമുകളും മത്സരം നല്ല രീതിയിലാണ് തുടങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് കരുതലോടെ കളിച്ചപ്പോൾ മുംബൈ സിറ്റിയാണ് മത്സരത്തിലെ മികച്ചൊരു അവസരം തുറന്നെടുത്തത്. പെരേര ഡയസിനു ലഭിച്ച വൺ ഓൺ വൺ അവസരം സച്ചിൻ സുരേഷിന്റെ മികച്ചൊരു ഇടപെടൽ കാരണം ഇല്ലാതായി. അതിനു ശേഷം കുറച്ച് നേരത്തേക്ക് കളിയുടെ നിയന്ത്രണം ഏറ്റെടുത്ത കേരള ബ്ലാസ്റ്റേഴ്‌സിന് മികച്ച അവസരങ്ങൾ ചിലത് ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ മുംബൈ സിറ്റി സമ്മതിച്ചില്ല.

അതിനു ശേഷം മുംബൈയാണ് കളിച്ചത്. രണ്ടു വിങ്ങുകളിലൂടെയും മുന്നേറ്റങ്ങൾ സംഘടിപ്പിച്ച അവർ മികച്ച അവസരം തുറന്നെടുക്കാൻ വേണ്ടി ശ്രമിക്കുകയായിരുന്നു. അതിനിടയിൽ ഒരു കൂട്ടിയിടിയിൽ പരിക്കേറ്റ് ഐബാൻ പുറത്തു പോയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് മുംബൈ ഗോൾ കണ്ടെത്തുന്നത്. ബോക്‌സിലേക്കുള്ള പാസ് പിടിച്ചെടുക്കാൻ സച്ചിൻ സുരേഷ് പരാജയപ്പെട്ടപ്പോൾ ജോർജ് പെരേര ഡയസ് അത് അനായാസം ഗോളിലേക്ക് തട്ടിയിടുകയായിരുന്നു.

മുംബൈ സിറ്റി ഒരു സുവർണാവസരം തുലക്കുന്നത് കണ്ടാണ് രണ്ടാം പകുതി ആരംഭിച്ചത്. ഒരു ഗോളിന്റെ മുൻതൂക്കമുള്ളതിനാൽ മുംബൈ സിറ്റി പിൻവലിഞ്ഞു കളിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങൾക്ക് ശക്തി കൂടി. അൻപത്തിയേഴാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന ഗോൾ വന്നു. ലൂണയിൽ നിന്നും പന്ത് സ്വീകരിച്ച് ഡയമന്റക്കൊസ് നൽകിയ ക്രോസ് ഡാനിഷ് ഫാറൂഖ് ഹെഡറിലൂടെ വലയിലെത്തിച്ചു. ഇന്നത്തെ മത്സരത്തിൽ താരം കുറച്ചുകൂടി ആക്രമിച്ചു കളിച്ചതിനു ഫലമുണ്ടായി.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സന്തോഷങ്ങൾക്ക് ആയുസുണ്ടായിരുന്നില്ല. മറ്റൊരു പിഴവ് കൂടി ബ്ലാസ്റ്റേഴ്‌സ് വരുത്തിയപ്പോൾ മുംബൈ സിറ്റി വീണ്ടും മുന്നിലെത്തി. ഇത്തവണ പ്രീതം കൊട്ടാലിന്റെ പിഴവാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ഒരു ക്ലിയറൻസിനു ശേഷം തനിക്കരികിലേക്ക് വന്ന പന്ത് പന്ത് കുത്തിയകറ്റേണ്ടിയിരുന്ന താരം അവിടെ അലസത കാണിച്ചപ്പോൾ ഓടിയെത്തിയ റാൾട്ടെ അത് ഹെഡർ ചെയ്‌ത്‌ വലയിലേക്ക് തട്ടിയിട്ടു.

ലൂണയുടെ ക്രോസിൽ പെപ്രയുടെ ഹെഡറാണ് അതിനു ശേഷം ബ്ലാസ്റ്റേഴ്‌സിൽ നിന്നുമുണ്ടായ പ്രധാന നീക്കം. അതിനു പിന്നാലെ മുംബൈ സിറ്റി ഒരു ഗോൾ നേടേണ്ടതായിരുന്നെങ്കിലും ഐമൻറെ ഗോൾ ലൈൻ സേവ് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. അതിനു ശേഷം മുംബൈ പ്രതിരോധം കടുപ്പിച്ചതോടെ ഏതാനും ദുർബലമായ മുന്നേറ്റങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിൽ നിന്നുമുണ്ടായത്. അവസാനം രണ്ടു ടീമുകളും തമ്മിൽ ചെറിയ രീതിയിൽ സംഘർഷങ്ങളുണ്ടായി ബ്ലാസ്റ്റേഴ്‌സിന്റെ ഡ്രിങ്കിച്ചിനും മുംബൈ സിറ്റിയുടെ വാൻ ബീഫിനും ചുവപ്പുകാർഡും ലഭിക്കുകയുണ്ടായി.

Mumbai City FC Won Against Kerala Blasters In ISL