“അങ്ങിനെയൊരു ചർച്ചയേ നടന്നിട്ടില്ല”- റൊണാൾഡോയെ സ്വന്തമാക്കാനുള്ള സാധ്യതകൾ തള്ളി ഇറ്റാലിയൻ ക്ലബ്
മാഞ്ചസ്റ്റർ യുണൈറ്റഡിൽ പകരക്കാരുടെ ബെഞ്ചിലായ റൊണാൾഡോ ഇപ്പോൾ മോശം സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ടോട്ടനത്തിനെതിരെ നടന്ന മത്സരത്തിൽ പകരക്കാരനായിറങ്ങാൻ തയ്യാറാവാതിരിക്കുകയും മത്സരം തീരുന്നതിനു മുൻപ് ക്ലബ് വിടുകയും ചെയ്ത റൊണാൾഡോക്കെതിരെ ക്ലബ് നടപടിയെടുക്കുകയും ചെയ്തിരുന്നു. പരിശീലകൻ എറിക് ടെൻ ഹാഗുമായി അകൽച്ചയിലായ താരം ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ ഇതോടെ വർധിച്ചുവെന്ന റിപ്പോർട്ടുകളും ഇപ്പോൾ ശക്തമാണ്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ റൊണാൾഡോ ക്ലബ് വിടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകൾ താരത്തെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിക്കാതിരുന്നതാണ് റൊണാൾഡോക്ക് തിരിച്ചടിയായത്. അതേസമയം ജനുവരിയിൽ റൊണാൾഡോയെ സ്വന്തമാക്കാൻ താൽപര്യമുള്ള ക്ലബുകളിലൊന്നായി കരുതപ്പെട്ടിരുന്നത് നാപ്പോളിയായിരുന്നു. എന്നാൽ റൊണാൾഡോക്ക് വേണ്ടി യാതൊരു നീക്കവും നടത്താനുള്ള ഉദ്ദേശമില്ലെന്നാണ് നാപ്പോളി നേതൃത്വം ഇപ്പോൾ വ്യക്തമാക്കുന്നത്.
“അതു സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ല, ഞങ്ങൾ ഇപ്പോഴുള്ള താരങ്ങളുമായി വളരെ അടുപ്പത്തിലാണ് നിൽക്കുന്നത്. ഈ ടീം മത്സരിക്കാൻ വളരെയധികം പ്രാപ്തരാണെന്നും ഞങ്ങൾ കരുതുന്നു. ഞങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ഇതുവരെയും സംസാരിച്ചിട്ടില്ല. ടീമിൽ മാറ്റങ്ങൾ വരുത്താനും ഞങ്ങൾ ഉദ്ദേശിക്കുന്നില്ല” നാപ്പോളി ഡയറക്റ്ററായ ക്രിസ്റ്റ്യാനോ ജിയുണ്ടോളി റൊണാൾഡോയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെക്കുറിച്ച് പറഞ്ഞു.
Napoli director Giuntoli on Cristiano Ronaldo links: “Ronaldo in January? We won’t sign any player in January. We don’t need to change anything in this team”, tells Dazn. 🚨🔵 #MUFC
— Fabrizio Romano (@FabrizioRomano) October 26, 2022
“We’re doing great and we’re not planning any signing, as of today”. pic.twitter.com/HR2ueoQtsU
റൊണാൾഡോയെ സ്വന്തമാക്കാനുള്ള സാധ്യതകൾ നാപ്പോളി തള്ളിയതോടെ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ഒരു ക്ലബ്ബിലേക്ക് ചേക്കേറാനുള്ള അവസരം കൂടിയാണ് റൊണാൾഡോക്ക് ഇല്ലാതായത്. ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ക്ലബ് കൂടിയാണ് നാപ്പോളി. ഇതുവരെയും ലീഗിലും ചാമ്പ്യൻസ് ലീഗിലും ഒരു മത്സരം പോലും അവർ തോറ്റിട്ടില്ല. പിഎസ്ജി മാത്രമാണ് യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഈ റെക്കോർഡുള്ള മറ്റൊരു ക്ലബ്. റൊണാൾഡോയെ പോലൊരു താരത്തെ എത്തിച്ചാൽ അത് പരിശീലകന്റെ പദ്ധതികളെയും ടീമിന്റെ ഘടനയെയും ബാധിക്കുമെന്നതു കൊണ്ട് നാപ്പോളി താരത്തെ ജനുവരിയിൽ പരിഗണിക്കാൻ സാധ്യതയില്ല.