മെസിക്കു പിന്നാലെ നെയ്‌മർ മിയാമിയിൽ, ഞങ്ങൾ വീണ്ടും ഒരുമിച്ച് കളിക്കുമെന്ന് സുവാരസ് | Neymar

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു പിന്നാലെ താരത്തിന്റെ അടുത്ത സുഹൃത്തും ബ്രസീലിയൻ താരവുമായ നെയ്‌മറും മിയാമിയിൽ. സീസൺ അവസാനിച്ച് ഒഴിവുദിവസങ്ങൾ ആസ്വദിക്കാൻ വേണ്ടിയാണ് നെയ്‌മർ മിയാമിയിൽ എത്തിയിരിക്കുന്നത്. മിയാമിയിൽ എത്തിയതിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത് ഒരുപാട് ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ഉയർന്നു വരാൻ കാരണമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ലൂയിസ് സുവാരസ് നടത്തിയ പ്രതികരണമാണ് ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമായത്. കരിയറിന്റെ അവസാന സമയത്ത് ഒരുമിച്ച് കളിക്കാൻ തങ്ങൾ മൂന്നു പേരും നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നാണ് സുവാരസ് പറഞ്ഞത്. ഒരുമിച്ച് കളിക്കുന്നതിന്റെ സന്തോഷം അനുഭവിച്ച് റിട്ടയർ ചെയ്യുകയെന്നതാണ് അതിലൂടെ ഉദ്ദേശിക്കുന്നതെന്നും സുവാരസ് കൂട്ടിച്ചേർത്തു.

നേരത്തെ നെയ്‌മറും അതിൽ ഭാഗമായിരുന്നെങ്കിലും താരത്തിന്റെ ഇപ്പോഴത്തെ നിലപാട് മാറിയിട്ടുണ്ടോ എന്നറിയില്ലെന്നാണ് സുവാരസ് പറയുന്നത്. ലയണൽ മെസിയും താനും തീർച്ചയായും ഒരുമിച്ച് കളിക്കുമെന്നും സുവാരസ് പറയുന്നു. അതിനു പിന്നാലെയാണ് നെയ്‌മർ മിയാമിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വെച്ചത്.

ലയണൽ മെസി ട്രാൻസ്‌ഫറിനെ കുറിച്ച് പ്രതികരിച്ച നെയ്‌മർ മിയാമി നഗരത്തെ പ്രശംസിച്ചിരുന്നു. ലയണൽ മെസി അവിടേക്ക് പോകുമെന്ന് തനിക്കറിയാമായിരുന്നു എന്നു പറഞ്ഞ നെയ്‌മർ അമേരിക്കൻ ലീഗിൽ വലിയ മാറ്റങ്ങൾ താരത്തിന് ഉണ്ടാക്കാൻ കഴിയുമെന്നും പറഞ്ഞിരുന്നു. അതേസമയം താനും മെസിയുടെ പാത പിന്തുടരുമെന്ന സൂചന നെയ്‌മർ നൽകിയില്ല.

ഈസമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നെയ്‌മർ പിഎസ്‌ജി വിടുമെന്ന കാര്യം ഉറപ്പാണ്. താരം യൂറോപ്പിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇന്റർ മിയാമി ട്രാൻസ്‌ഫർ പരിഗണിക്കില്ലെന്ന് നൂറു ശതമാനം ഉറപ്പിച്ചു പറയാൻ കഴിയില്ല. അങ്ങിനെ സംഭവിച്ചാൽ വിഖ്യാതമായ എംഎസ്എൻ ത്രയം ഒരുമിക്കുന്നതാണ് കാണാൻ കഴിയുക.

Neymar At Miami Suarez Hints About Join With Messi Neymar