“മെസിയോട് ചോദിച്ചിട്ടു പോലും ടിക്കറ്റ് കിട്ടിയില്ല, 2026 ലോകകപ്പിന്റെ വാതിലുകൾ തുറന്നിരിക്കുന്നു” – പ്രതികരിച്ച് അഗ്യൂറോ | Lionel Messi

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയാണെന്നു പ്രഖ്യാപിച്ചത് ആരാധകർക്ക് വലിയ നിരാശ നൽകിയ കാര്യമായിരുന്നു. യൂറോപ്പിൽ ചുരുങ്ങിയത് രണ്ടു സീസണുകൾ കൂടി കളിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് മെസി അവിടം വിടാൻ തീരുമാനിച്ചത്. ഇനി യൂറോപ്പിലും ഏഷ്യയിലുമുള്ള ആരാധകർക്ക് മെസിയുടെ കളി കാണുക ബുദ്ധിമുട്ടേറിയ കാര്യമായി മാറും.

അതേസമയം മെസിയുടെ അടുത്ത സുഹൃത്തും അർജന്റീനയുടെ മുൻ താരവുമായ സെർജിയോ അഗ്യൂറോ താരത്തിന്റെ ട്രാൻസ്‌ഫറിനെ സന്തോഷത്തോടു കൂടിയാണ് സ്വാഗതം ചെയ്‌തത്‌. തന്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്ന സമയത്താണ് ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറുന്നതിനെക്കുറിച്ച് നിലവിൽ മിയാമിയിൽ ജീവിക്കുന്ന അഗ്യൂറോ പ്രതികരണം നടത്തിയത്.

“മെസി എന്നെ എല്ലായിടത്തും പിന്തുടരുന്നു, ഇപ്പോൾ ഞാൻ ജീവിക്കുന്ന മിയാമിയിലും താരം വന്നിരിക്കുന്നു. ഈ തീരുമാനത്തോടെ 2026 ലോകകപ്പിനുള്ള സാധ്യതകൾ തുറന്നിരിക്കുന്നു, നമുക്ക് നോക്കാം എന്തുണ്ടാകുമെന്ന്. ഇന്റർ മിയാമിയുടെ മത്സരത്തിനുള്ള ടിക്കറ്റ് ഞാൻ മെസിയോട് ചോദിച്ചിരുന്നു. എന്നാൽ ഒരു ടിക്കറ്റ് പോലും ലഭ്യമല്ലെന്നാണ് താരം പറഞ്ഞത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല.” അഗ്യൂറോ പറഞ്ഞു.

അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റും ലോകകപ്പും അമേരിക്കയിൽ വെച്ചാണ് നടക്കുന്നത് എന്നതു കൂടി കണക്കിലെടുത്താണ് ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതെന്നു നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ രണ്ടു ടൂർണമെന്റുകളിലും കളിക്കുകയെന്നത് ലയണൽ മെസിയുടെ ലക്ഷ്യമാണ്. അതിൽ കിരീടം നേടുകയെന്നതും താരം ഉന്നം വെക്കുന്നുണ്ട്.

Aguero Reacts To Lionel Messi Inter Miami Move