അസെൻസിയോക്ക് മെസിയുടെ സ്ഥാനമില്ല, യഥാർത്ഥ പകരക്കാരനെ കണ്ടെത്തി പിഎസ്‌ജി | PSG

രണ്ടു വർഷത്തെ പിഎസ്‌ജി കരാർ അവസാനിച്ച ലയണൽ മെസിക്ക് അത് ഒരു വർഷത്തേക്ക് കൂടി നീട്ടാൻ കഴിയുമായിരുന്നു. പിഎസ്‌ജി കരാർ പുതുക്കാനുള്ള ഓഫർ നൽകിയെങ്കിലും ക്ലബിൽ തുടരുന്നില്ലെന്ന തീരുമാനമാണ് താരം എടുത്തത്. ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഒടുവിൽ അമേരിക്കൻ ലീഗ് ക്ലബായ ഇന്റർ മിയാമിയിലേക്കാണ് ലയണൽ മെസി ചേക്കേറിയത്.

ലയണൽ മെസി ക്ലബ് വിട്ടതോടെ അതിനു പകരക്കാരനായി മാറാമെന്ന നിലയിലാണ് റയൽ മാഡ്രിഡ് കരാർ അവസാനിച്ച മാർകോ അസെൻസിയോ പിഎസ്‌ജിയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. സ്‌പാനിഷ്‌ താരത്തിന്റെ ട്രാൻസ്‌ഫർ ഔദ്യോഗികമായി പിഎസ്‌ജി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതുടനെ പൂർത്തിയാകുമെന്ന് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ റിപ്പോർട്ടു ചെയ്യുന്നത്.

അതേസമയം മെസിയുടെ പകരക്കാരനായി പിഎസ്‌ജി പരിഗണിക്കുന്നത് അസെൻസിയോയെ അല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മിന്നുന്ന പ്രകടനം നടത്തുന്ന പോർച്ചുഗൽ താരമായ ബെർണാഡോ സിൽവയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പിഎസ്‌ജി നടത്തുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിഞ്ഞതിനു ശേഷം ഇക്കാര്യത്തിൽ പിഎസ്‌ജി സജീവമായ നീക്കങ്ങൾ നടത്തും.

മധ്യനിരയിലും റൈറ്റ് വിങ്ങിലും കളിക്കാൻ കഴിയുന്ന താരമാണ് ബെർണാഡോ സിൽവ. താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞാൽ റൈറ്റ് വിങ്ങിലാണ് കളിപ്പിക്കുന്നതെങ്കിൽ അസെൻസിയോക്ക് അതൊരു തിരിച്ചടിയായി മാറും. എംബാപ്പെക്കൊപ്പം മൊണോക്കോയിൽ കളിച്ചിട്ടുള്ള ബെർണാഡോ സിൽവ ഫ്രഞ്ച് ലീഗിൽ പരിചയസമ്പന്നനായ താരം കൂടിയാണ്.

PSG Want Bernardo Silva To Replace Messi