“വിനീഷ്യസ് ആദ്യ മൂന്നിൽ ഉൾപ്പെടണമായിരുന്നു”- ബാലൺ ഡി ഓർ സ്ഥാനങ്ങളെ ചോദ്യം ചെയ്ത് നെയ്മർ
കഴിഞ്ഞ ദിവസമാണ് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പാരീസിൽ വെച്ചു നടന്ന ചടങ്ങിൽ പ്രഖ്യാപിക്കപ്പെട്ടത്. റയൽ മാഡ്രിഡിനൊപ്പം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ കരിം ബെൻസിമ ബാലൺ ഡി ഓർ നേടിയപ്പോൾ സാഡിയോ മാനെ രണ്ടാമതും കെവിൻ ഡി ബ്രൂയ്ൻ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്. 46 മത്സരങ്ങളിൽ നിന്നും 44 ഗോളുകൾ നേടി ഒരു ചാമ്പ്യൻസ് ലീഗും ഒരു ലാ ലിഗ കിരീടവും റയൽ മാഡ്രിഡിന് സ്വന്തമാക്കി നൽകിയ പ്രകടനമാണ് ബെൻസിമയെ അവാർഡിന് അർഹനാക്കിയത്.
അതേസമയം കഴിഞ്ഞ സീസണിൽ കരിം ബെൻസിമക്കൊപ്പം റയൽ മാഡ്രിഡിന് ഈ നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിച്ച വിനീഷ്യസ് ജൂനിയർ ബാലൺ ഡി ഓറിൽ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ വിജയഗോളടക്കം നേടുകയും ഈ സീസണിൽ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന വിനീഷ്യസ് ജൂനിയറിനു ഇത്രയും കുറഞ്ഞ റാങ്കിങ് ലഭിച്ചതിനെ ബ്രസീലിയൻ സഹതാരവും പിഎസ്ജി ഫോർവേഡുമായ നെയ്മർ ചോദ്യം ചെയ്യുകയും ചെയ്തു.
“ബെൻസിമ ബാലൺ ഡി ഓർ ഏറ്റവും അർഹിച്ച മികച്ച താരമായിരുന്നു. പക്ഷെ വിനീഷ്യസ് എട്ടാം സ്ഥാനത്തെത്തിയത് ഒരു തമാശയാണ്. ആദ്യ മൂന്നിൽ ഉറപ്പായും വരേണ്ട താരമായിരുന്നു അവൻ.” തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ബ്രസീലിയൻ സഹതാരത്തെ പിന്തുണച്ച് നെയ്മർ കുറിച്ചു. വിനീഷ്യസ് ജൂനിയർ ഇതിലും ഉയർന്ന സ്ഥാനം അർഹിച്ചിരുന്നുവെന്ന അഭിപ്രായം നിരവധി ഫുട്ബോൾ ആരാധകരും ബാലൺ ഡി ഓർ പ്രഖ്യാപനത്തിനു ശേഷം ഉയർത്തിക്കാട്ടിയിരുന്നു.
Benzema merecido 👏🏽👏🏽 craque!!
— Neymar Jr (@neymarjr) October 18, 2022
Agora o Vini jr estar em 8 não dá
😂😂😂😂
Mínimo entre os 3
കഴിഞ്ഞ സീസണിൽ അമ്പത്തിരണ്ട് മത്സരങ്ങൾ കളിച്ച വിനീഷ്യസ് ജൂനിയർ ഇരുപതു ഗോളുകൾ നേടുകയും ഇരുപത്തിരണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഈ സീസണിലും തന്റെ മികച്ച പ്രകടനം താരം തുടരുകയാണ്. ഈ സീസണിലിതു വരെ ഏഴു ഗോളുകളും രണ്ട് അസിസ്റ്റുകളും റയൽ മാഡ്രിഡിനായി നേടിക്കഴിഞ്ഞ താരത്തിന്റെ ഫോമിൽ ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകളും വർധിച്ചിട്ടുണ്ട്.