അന്ന് അർജന്റീന താരങ്ങൾ നെയ്‌മറെ ഇടിച്ചിടുകയായിരുന്നു, നേരിട്ട ഏറ്റവും മികച്ച താരം നെയ്‌മറാണെന്ന് എമിലിയാനോ മാർട്ടിനസ്

പ്രതിഭയുടെ ധാരാളിത്തമുണ്ടായിട്ടും, ലോകഫുട്ബോളിനെ അടക്കി ഭരിക്കാനുള്ള കഴിവുണ്ടായിട്ടും അതൊന്നും ശരിക്കും ഉപയോഗിക്കാൻ നെയ്‌മർക്ക് കഴിഞ്ഞിട്ടില്ല. കരിയറിൽ ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും താരത്തിന്റെ പ്രതിഭയെടുത്തു നോക്കുമ്പോൾ അതൊന്നും മതിയാകില്ല. അതിലും എത്രയോ കൂടുതൽ നെയ്‌മർ അർഹിച്ചിരുന്നുവെന്നതിൽ സംശയമില്ല.

കഴിഞ്ഞ ദിവസം അർജന്റീന ആരാധകരുടെ പ്രിയപ്പെട്ട താരവും ടീം സമീപകാലങ്ങളിൽ നേടിയ വിജയത്തിൽ നിർണായകമായ പങ്കു വഹിക്കുകയും ചെയ്‌ത എമിലിയാനോ മാർട്ടിനസ് നെയ്‌മറെക്കുറിച്ച് പറഞ്ഞ വാക്കുകൾ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. താൻ നേരിട്ടതിൽ ഏറ്റവും മികച്ച താരമാരാണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു എമി മാർട്ടിനസ്.

“കോപ്പ അമേരിക്ക ഫൈനലിലെ നെയ്‌മർ ആയിരുന്നു ഞാൻ നേരിട്ട ഏറ്റവും മികച്ച താരം. മത്സരത്തിലെ അവസാനത്തെ ഇരുപത്തിയഞ്ചു മിനുട്ടുകൾ അർജന്റീന ടീമിലെ മധ്യനിര താരങ്ങൾ താരത്തെ തള്ളുകയും ഇടിക്കുകയും കടുത്ത അടവുകൾ പുറത്തെടുക്കുകയും ചെയ്‌തു. പന്തുമായി വരുമ്പോൾ ആരെങ്കിലുമൊന്ന് അവനെ തടുക്കൂവെന്നാണ് ഞാനപ്പോൾ ചിന്തിച്ചത്.”

ആ ഇരുപത്തിയഞ്ചു മിനുട്ടുകൾ നെയ്‌മറെ തടുക്കാൻ കഴിഞ്ഞില്ലെന്നാണ് എമിലിയാനോ മാർട്ടിനസ് പറയുന്നത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് നെയ്‌മർ ആ മത്സരത്തിൽ നടത്തിയത്. എന്നാൽ അതിനൊന്നും ബ്രസീലിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. ഡി മരിയ നേടിയ ഒരേയൊരു ഗോളിൽ അർജന്റീന ബ്രസീലിനെതിരെ വിജയം നേടി.

പ്രതിഭയുണ്ടെങ്കിലും ബ്രസീൽ ടീമിനൊപ്പം കൂടുതൽ നേട്ടങ്ങളൊന്നും നെയ്‌മർക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഒളിമ്പിക്‌സ് സ്വർണവും കോൺഫെഡറേഷൻസ് കപ്പുമാണ് ബ്രസീലിനൊപ്പം നെയ്‌മർ നേടിയ കിരീടങ്ങൾ. പരിക്ക് കാരണം രണ്ടു കോപ്പ അമേരിക്ക ടൂർണമെന്റുകൾ നഷ്‌ടമായ താരം 2026 ലോകകപ്പിൽ ബ്രസീലിനെ വിജയത്തിലേക്ക് നയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.