മറ്റൊരു പ്രധാന താരം കൂടി ബ്ലാസ്റ്റേഴ്‌സ് വിടുന്നു, പകരക്കാരനെയും കണ്ടെത്തി | Kerala Blasters

നിരാശപ്പെടുത്തുന്ന ഒരു സീസണു ശേഷം അഴിച്ചു പണികൾക്ക് വിധേയമാവുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയൊരു ആരാധകസംഘം കേരള ബ്ലാസ്റ്റേഴ്‌സിനുണ്ടെങ്കിലും ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ആരാധകർ വളരെ നിരാശരാണ്. അടുത്ത സീസണിൽ ഇതിനൊരു മാറ്റമുണ്ടാക്കണമെന്ന ആഗ്രഹത്തോടെയാണ് ക്ലബ് ടീമിൽ അഴിച്ചുപണികൾ നടത്തുന്നത്.

നിലവിൽ ഖബ്ര, ടീമിന്റെ നായകനായിരുന്ന ജെസ്സൽ എന്നിവർ ക്ലബ് വിട്ടുവെന്ന റിപ്പോർട്ടുകളുണ്ട്. ജെസ്സൽ ബംഗളൂരുവിലേക്ക് ചേക്കേറിയെന്നും ഖബ്രക്കു വേണ്ടി ഈസ്റ്റ് ബംഗാൾ ശ്രമം നടത്തുന്നുണ്ടെന്നും സൂചനകളുണ്ട്. ഇതിനു പുറമെ മറ്റൊരു താരം കൂടി ക്ലബ് വിടാനൊരുങ്ങുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. 2020ൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ ടീമിന്റെ ഫുൾ ബാക്കായി കളിക്കുന്ന നിഷു കുമാറാണ് ബ്ലാസ്റ്റേഴ്‌സ് വിടാനായി തയ്യാറെടുക്കുന്നത്. താരവും ഈസ്റ്റ് ബംഗാളുമായി ചർച്ചയിലാണ്.

ഇരുപത്തിയഞ്ചു വയസുള്ള നിഷു കുമാർ ക്ലബ് വിടുമ്പോൾ അതിനു പകരക്കാരനായി ഒരു താരത്തെയും ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഐ ലീഗ് ക്ലബായ ഐസ്വാൾ എഫ്‌സിയുടെ ലെഫ്റ്റ് ബാക്കായ സോഡിങ്‌ലിയാന റാൽത്തെയെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്. നോർത്ത്ഈസ്റ്റ് യുണൈറ്റഡ്, ഡൽഹി ഡൈനാമോസ്, പുനെ സിറ്റി എഫ്‌സി എന്നീ ക്ലബുകൾക്ക് വേണ്ടി ലോണിൽ കളിച്ചിട്ടുള്ള താരം കേരളത്തിലെ മറ്റൊരു പ്രധാന ടീമായ ഗോകുലം കേരളയിലും ഇറങ്ങിയിട്ടുണ്ട്.

ഈ സീസണിൽ പതിനാറു മത്സരങ്ങളിൽ ടീമിനായി ഇറങ്ങിയ നിഷു കുമാർ ഒരു ഗോളിന് വഴിയൊരുക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ചുകാരനായ താരത്തിന് ഇനിയും മെച്ചപ്പെടാൻ അവസരമുണ്ടെന്നിരിക്കെ താരത്തെ വിട്ടുകൊടുക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശയുണ്ടാക്കുന്ന കാര്യമാണ്. അതിനു പകരം ഇരുപത്തിയെട്ടു വയസുള്ള ഐ ലീഗിലും ഐഎസ്എല്ലിലും ഒരുപോലെ പരിചയസമ്പത്തുള്ള ഒരു താരത്തെയാണ് സ്വന്തമാക്കുന്നതെങ്കിലും അത് നല്ലൊരു നീക്കമാവില്ലെന്ന തോന്നൽ പലർക്കുമുണ്ട്.

Nishu Kumar Set To Leave Kerala Blasters