ഇതു മെസിയുടെ തിരിച്ചു വരവിന്റെ തുടക്കമാണ്, അനുകൂല പ്രതികരണം നടത്തി ലാ ലിഗ പ്രസിഡന്റ് | Lionel Messi

ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുകയാണ്. പിഎസ്‌ജി കരാർ അവസാനിക്കുന്ന താരത്തിനായി ഏതാനും മാസങ്ങൾക്ക് മുൻപാണ് ബാഴ്‌സലോണ ആദ്യശ്രമങ്ങൾ നടത്തുന്നത്. ഇതോടെ മെസി ഫ്രഞ്ച് ക്ലബുമായി കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ച് ബാഴ്‌സയുടെ ഓഫറിനായി കാത്തിരിപ്പ് തുടങ്ങി. ഇപ്പോൾ ബാഴ്‌സലോണ നേതൃത്വത്തിൽ ഉള്ളവർ തന്നെ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്ന കാര്യം വ്യക്തമാക്കുന്നുണ്ട്.

മെസിയെ സ്വന്തമാക്കാൻ ബാഴ്‌സലോണയുടെ മുന്നിലുള്ള പ്രധാന പ്രതിസന്ധി ക്ലബ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്നുണ്ടെന്നതാണ്. ഇതിനെ മറികടന്ന് മെസിയെ സ്വന്തമാക്കാൻ താരങ്ങളെ വിൽക്കാനും വേതനബിൽ കുറക്കാനും ലാ ലിഗ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ടീമിന്റെ നായകനായ സെർജിയോ ബുസ്ക്വിറ്റസ് ക്ലബ് വിടുന്നത് മെസിയുടെ തിരിച്ചു വരവിനു വഴിയൊരുക്കുന്ന ഘടകമാണെന്ന് കഴിഞ്ഞ ദിവസം ടെബാസും പറഞ്ഞു.

“മെസിയുടെ തിരിച്ചു വരവിനുള്ള പാതയുടെ തുടക്കമാണ് ബുസ്‌കിറ്റ്‌സ് ക്ലബ് വിട്ടത്. എന്നാൽ അതിൽ അവസാനം കാണണമെങ്കിൽ അവർ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഞാനല്ല അവർക്ക് മെസിയെ സ്വന്തമാക്കുന്നതിന് വേണ്ടിയുള്ള പച്ചക്കൊടി കാണിക്കേണ്ടത്, അവർ തന്നെ ക്ലബിൽ നടത്തുന്ന സാമ്പത്തികപരമായ നിയന്ത്രണങ്ങൾ ആണ്.” കഴിഞ്ഞ ദിവസം ഒരു സ്‌പാനിഷ്‌ മാധ്യമത്തോട് സംസാരിക്കേ ലാ ലിഗ പ്രസിഡന്റ് പറഞ്ഞു.

ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതി ലാ ലിഗക്ക് മുന്നിൽ അവതരിപ്പിച്ച് അതിനു അനുമതി ലഭിക്കുന്നതിനു വേണ്ടി ക്ലബ് കാത്തിരിക്കയാണ്. ബുസ്‌കിറ്റ്‌സ് ക്ലബ് വിടുമെന്ന് ഉറപ്പിച്ചതിനു ശേഷം ടെബാസ് നടത്തിയ പ്രതികരണം ബാഴ്‌സലോണയുടെ പദ്ധതി ലാ ലിഗ അംഗീകരിക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് നൽകുന്നത്. പദ്ധതി ലാ ലിഗ അംഗീകരിക്കുകയും അത് ബാഴ്‌സ നടപ്പിലാക്കുകയും ചെയ്‌താൽ മെസി ബാഴ്‌സയിൽ തന്നെ കളിക്കും.

Tebas Says Busquets Exit Road To Lionel Messi Return