എമിലിയാനോ മാർട്ടിനസ് വമ്പൻ ക്ലബിലേക്ക്, ഓഫറുകളുടെ നീണ്ട നിര | Emiliano Martinez

2020ൽ ആഴ്‌സനലിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന ലെനോക്ക് പരിക്ക് പറ്റിയപ്പോൾ ലഭിച്ച അവസരം കൃത്യമായി മുതലെടുത്തു കൊണ്ട് മിന്നുന്ന പ്രകടനം നടത്തി ശ്രദ്ധ പിടിച്ചു പറ്റിയ എമിലിയാനോ മാർട്ടിനസ് ഇപ്പോൾ നിൽക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളെന്ന നിലയിലാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയതിൽ നിർണായക പങ്കു വഹിച്ചതാണ് താരത്തിന്റെ നിലവാരം ഉയർത്തിയത്.

ആഴ്‌സണലിൽ നിന്നും ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറി ഏതാനും വർഷങ്ങളായി അവിടെ തന്നെ തുടരുന്ന എമിലിയാനോ മാർട്ടിനസിന്റെ ഇനിയുള്ള ലക്‌ഷ്യം യൂറോപ്യൻ കിരീടങ്ങൾക്കായി പൊരുതുകയെന്നതാണ്. വില്ലയിൽ തന്നെ തുടർന്നാൽ അതിനു കഴിയില്ലെന്നതിനാൽ വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ് മുപ്പതുകാരനായ താരമെന്നാണ് അർജന്റീനിയൻ മാധ്യമം ടൈക് സ്പോർട്ട്സ് പറയുന്നത്.

റിപ്പോർട്ടുകൾ പ്രകാരം നിരവധി ക്ലബുകൾ അർജന്റീനിയൻ ഗോൾകീപ്പർക്ക് വേണ്ടി രംഗത്തുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നു തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ടോട്ടനം എന്നീ ക്ളബുകളാണ് താരത്തിൽ താൽപര്യം പ്രകടിപ്പിക്കുന്നത്. ഇതിൽ ടോട്ടനമാണ് വളരെ നാളുകളായി എമിലിയാനോക്കായി രംഗത്തുള്ളത്. എന്നാൽ മറ്റു ക്ലബുകളുടെ ഓഫറുകളും യൂറോപ്യൻ ഫുട്ബോളിൽ കളിക്കാനുള്ള സാധ്യതയും കണക്കിലെടുത്താവും അർജന്റീന താരം ഒരു തീരുമാനം എടുക്കുക.

ആസ്റ്റൺ വില്ല പോലെയൊരു ടീമിൽ കളിച്ചിട്ടു പോലും അതിഗംഭീര പ്രകടനമാണ് എമിലിയാനോ മാർട്ടിനസ് നടത്തുന്നത്. അതുകൊണ്ടു തന്നെ കരുത്തുറ്റ മറ്റൊരു ടീമിലേക്ക് ചേക്കേറിയാൽ ഇതിനേക്കാൾ മികവുറ്റ കളി കാഴ്‌ച വെക്കാൻ താരത്തിന് കഴിയും. ചെൽസിയെ അപേക്ഷിച്ച് ടോട്ടനം ഹോസ്‌പർ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളെ താരം തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ. യൂറോപ്യൻ കിരീടമെന്ന താരത്തിന്റെ മോഹത്തിനും ഇത് ചിറക് നൽകും.

Emiliano Martinez To Leave Aston Villa With Clubs Circling