“പറയുന്നത് പച്ചക്കള്ളം”- രൂക്ഷമായി പ്രതികരിച്ച് ബ്രസീലിയൻ താരം റഫിന്യ | Raphinha

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലീഡ്‌സ് യുണൈറ്റഡിൽ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറിയ താരമാണ് റഫിന്യ. തന്റെ പ്രിയപ്പെട്ട പൊസിഷനിൽ ഡെംബലെ കളിക്കുന്നത് താരത്തിന്റെ പ്രകടനത്തെ നന്നായി ബാധിച്ചെങ്കിലും ഫ്രഞ്ച് താരത്തിന് പരിക്കേറ്റത് റാഫിന്യക്ക് ഗുണമായി. സീസണിന്റെ രണ്ടാം പകുതിയിൽ ഉജ്ജ്വലമായ പ്രകടനം നടത്തുന്ന താരം ഈ സീസണിൽ ബാഴ്‌സക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാൾ കൂടിയാണ്.

എന്നാൽ ഈ സീസണിന് ശേഷം ബാഴ്‌സലോണയിൽ റാഫിന്യ ഉണ്ടാകില്ലെന്നാണ് നിരവധി റിപ്പോർട്ടുകൾ പറയുന്നത്. ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ ഒഴിവാക്കാൻ ശ്രമിക്കുന്ന താരങ്ങളിലൊരാൾ ബ്രസീലിയൻ ഫോർവേഡാണെന്നും ബാഴ്‌സലോണ വിടാൻ താരം സമ്മതം അറിയിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. റാഫിന്യ അടുത്ത സീസണിൽ പ്രീമിയർ ലീഗ് ക്ലബിലാവും കളിക്കുകയെന്നും അവർ പറഞ്ഞിരുന്നു.

എന്നാൽ ഈ അഭ്യൂഹങ്ങൾ മുഴുവനും റാഫിന്യ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞു. “നുണയാണ്, ഇതൊരു വലിയ നുണയാണ്. ആരാണ് ഇതു പറയുന്നെതെങ്കിലും അവർ നുണയന്മാരാണ്. യാതൊരു വിവരവും ലഭിക്കാതെ പ്രൊഫെഷണലിസം ഇല്ലാത്ത ആളുകൾ. നിങ്ങളീ കമന്റ് ഡിലീറ്റ് ചെയ്‌താൽ, ഞാനിത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യും.” താനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയതിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ താരം പങ്കു വെച്ചു.

ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരണമെങ്കിൽ ബാഴ്‌സലോണ റഫിന്യയെ ഒഴിവാക്കേണ്ടി വരുമെന്നതിൽ സംശയമില്ല. നിലവിൽ ബാഴ്‌സലോണക്ക് ഏറ്റവും മികച്ച ഓഫറുള്ളത് റാഫിന്യക്ക് വേണ്ടിയാണ്.ന്യൂകാസിൽ യുണൈറ്റഡ് എൺപതു മില്യൺ വരെ ബ്രസീലിയൻ താരത്തിനായി മുടക്കാൻ തയ്യാറാണ്. എന്നാൽ താരം ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് താൽപര്യപ്പെടുന്നതെങ്കിൽ ലയണൽ മെസി തിരിച്ചുവരാനുള്ള സാധ്യതകൾ കൂടി മങ്ങും.

Raphinha Responds To Claims He Will Leave Barcelona