ലോകകപ്പിനു പിന്നാലെ ചാമ്പ്യൻസ് ലീഗും ഉയർത്തും, വീണ്ടും മിന്നുന്ന പ്രകടനവുമായി അർജന്റീന താരം | Lautaro Martinez

ഖത്തർ ലോകകപ്പിൽ നിറം മങ്ങിയ പ്രകടനമാണ് അർജന്റീന സ്‌ട്രൈക്കർ ലൗടാരോ മാർട്ടിനസ് നടത്തിയത്. ലയണൽ മെസി കഴിഞ്ഞാൽ സ്‌കലോണിയുടെ അർജന്റീന ടീമിനായി ഏറ്റവുമധികം ഗോളുകൾ അടിച്ചിട്ടുള്ള താരത്തിനു പക്ഷെ ലോകകപ്പിൽ നിറം മങ്ങി സ്ഥാനം നഷ്‌ടമായി. അൽവാരസ് ടീമിന്റെ പ്രധാന സ്‌ട്രൈക്കർ ആയപ്പോൾ പകരക്കാരനായിറങ്ങി വമ്പൻ അവസരങ്ങൾ തുലച്ചു കളഞ്ഞതിന്റെ പേരിലും മാർട്ടിനസിനെതിരെ വിമർശനങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ ലോകകപ്പിലെ മോശം ഫോമിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഒരു ലൗടാരോ മാർട്ടിനസിനെയാണ് ഇപ്പോൾ കാണുന്നത്. ലോകകപ്പ് വിജയത്തിന് ശേഷം ആത്മവിശ്വാസം വളരെയധികം വർധിച്ച താരമാണ് ഇപ്പോൾ ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനെ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിൽ എസി മിലാനെതിരെ ഇന്റർ വിജയം നേടിയപ്പോൾ മികച്ച പ്രകടനമാണ് ലൗടാരോ മാർട്ടിനസ് നടത്തിയത്.

മത്സരത്തിൽ ആദ്യ ഇലവനിലിറങ്ങി എഴുപത്തിയെട്ടാം മിനുട്ട് വരെ കളിച്ച താരത്തിന് ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും മൂന്നു അവസരങ്ങളാണ് താരം ഉണ്ടാക്കിയത്. ഇതിനു പുറമെ പതിനൊന്നിൽ എട്ടു ഡുവൽസും താരം വിജയിച്ചു. ലൗടാരോ പിൻവലിക്കപ്പെടുന്നത് വരെ ഈ കണക്കുകളിൽ അർജന്റീന താരമായിരുന്നു മുന്നിൽ നിന്നിരുന്നത്. സീക്കോ, മിഖിറ്റാറിയൻ എന്നിവരാണ് ഇന്റർ മിലാനു വേണ്ടി ഗോൾ നേടിയതെങ്കിലും ടീമിന്റെ നിർണായക കേന്ദ്രമായി കളിക്കുന്നത് ലൗറ്റാറോയാണ്.

ഈ സീസണിൽ മികച്ച ഫോമിലുള്ള താരം ഇതുവരെ ഇരുപത്തിമൂന്നു ഗോളും പത്ത് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പിന് ശേഷം താരത്തിനുള്ള ആത്മവിശ്വാസം ഇന്റർ മിലൻറെ ഫോമിൽ വളരെ നിർണായകമാണ്. രണ്ടു ഗോൾ വിജയത്തോടെ 2010നു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉറപ്പിച്ചതു പോലെയാണ് ഇന്റർ മിലാൻ നിൽക്കുന്നത്. ഫൈനലിൽ എതിരാളികൾ റയൽ മാഡ്രിഡായാലും മാഞ്ചസ്റ്റർ സിറ്റിയായാലും പൊരുതാനും കിരീടം നേടാനുമുള്ള കരുത്ത് ഇന്ററിനുണ്ട്.

Lautaro Martinez Can Win Champions League After World Cup