റയൽ മാഡ്രിഡ് രണ്ടും കൽപ്പിച്ച്, ചരിത്രം തിരുത്തുന്ന ട്രാൻസ്‌ഫറിനു തയ്യാറെടുക്കുന്നു | Real Madrid

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ലീഗും സ്വന്തമാക്കിയ റയൽ മാഡ്രിഡിന് ഈ സീസണിൽ ലീഗ് കിരീടം നഷ്‌ടമാകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയ അവർ ചാമ്പ്യൻസ് ലീഗ് കൂടി നേടി സീസൺ മികച്ചതാക്കാൻ തയ്യാറെടുക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന സെമി ഫൈനൽ ആദ്യപാദത്തിൽ സമനില വഴങ്ങിയ അവർക്ക് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞാൽ ഈ സീസണും മികച്ചതായി മാറും.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ എത്തിക്കാതിരുന്നത് ലീഗിൽ അവർക്ക് തിരിച്ചടി നൽകിയെന്നു വ്യക്തമായതോടെ സമ്മറിൽ പുതിയ താരങ്ങളെ എത്തിക്കാനുള്ള നീക്കം റയൽ മാഡ്രിഡ് നടത്തുന്നുണ്ട്. നേരത്തെ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും ജൂഡ് ബെല്ലിങ്ഹാമിനെ റയൽ മാഡ്രിഡ് സ്വന്തമാക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിനേക്കാൾ വലിയൊരു ട്രാൻസ്‌ഫറാണ് റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ദി ടെലെഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ സമ്മറിൽ തൊട്ടരികിലെത്തി കൈവിട്ടു പോയ പിഎസ്‌ജി താരം കിലിയൻ എംബാപ്പയെ സ്വന്തമാക്കാനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നത്. ഫ്രഞ്ച് താരം പുതിയ കരാർ ഒപ്പിട്ടെങ്കിലും അതിൽ ഒരു വർഷം മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യം മുതലെടുത്ത് ലോകറെക്കോർഡ് തുക ഓഫർ ചെയ്‌ത്‌ എംബാപ്പയെ കൊണ്ട് സമ്മർദ്ദവും ചെലുത്തി ട്രാൻസ്‌ഫർ പൂർത്തിയാക്കാനാണ് റയൽ മാഡ്രിഡ് ശ്രമിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ടീമിലെ യുവതാരങ്ങളെ വെച്ച് എംബാപ്പയെ കേന്ദ്രീകരിച്ച് പുതിയൊരു പ്രോജക്റ്റ് ആരംഭിക്കാനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നത്. ഇതിന്റെ കേന്ദ്രം ഫ്രഞ്ച് താരമാണെന്നതിനാൽ തന്നെ അവർ താരത്തിന് വേണ്ടി ഏതറ്റം വരെയും പോകാനും തയ്യാറാണ്. അതേസമയം എംബാപ്പയെ കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ നടപ്പിലാക്കുന്ന പിഎസ്‌ജി താരത്തെ വിട്ടുകൊടുക്കാൻ തയ്യാറാവാൻ യാതൊരു സാധ്യതയുമില്ല.

Real Madrid Planning To Sign Kylian Mbappe This Summer