“നമ്പർ 10 ആണു നിങ്ങൾ”- സെർജിയോ ബുസ്‌കിറ്റ്‌സിനു മെസി നൽകിയ ഹൃദയസ്‌പർശിയായ സന്ദേശം | Sergio Busquets

ഒന്നര പതിറ്റാണ്ടോളം നീണ്ട ബാഴ്‌സലോണ കരിയർ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ടീമിന്റെ നായകനായ സെർജിയോ ബുസ്‌കിറ്റ്‌സ് തീരുമാനം എടുത്തത്. ബാഴ്‌സലോണ പുതിയ കരാർ നൽകാൻ തയ്യാറായിരുന്നെങ്കിലും അതിൽ പ്രതിഫലം വളരെ കുറയുമെന്നതു കൊണ്ടാണ് ക്ലബ് വിടാനുള്ള തീരുമാനം സ്‌പാനിഷ്‌ താരം എടുത്തത്. ബുസ്‌ക്വറ്റ്സ് ക്ലബ് വിടുന്ന വിവരം ബാഴ്‌സലോണ ഔദ്യോഗികമായി അറിയിക്കുകയും ചെയ്‌തിരുന്നു.

ബുസ്‌ക്വറ്റ്സ് ക്ലബ് വിടുമ്പോൾ ഒരു യുഗം തന്നെ ബാഴ്‌സലോണയിൽ അവസാനിക്കാൻ പോവുകയാണ്. പെപ് ഗ്വാർഡിയോള പരിശീലകനായിരിക്കുമ്പോൾ ടീമിലെത്തിയ താരം പിന്നീട് തന്റെ പൊസിഷനിൽ മറ്റൊരു താരവും കയറി വരാൻ ഇതുവരെയും സമ്മതിച്ചിട്ടില്ല. പെപ് ഗ്വാർഡിയോളയുടെ ബാഴ്‌സലോണ ടീമിൽ ബാക്കി നിന്ന ഒരേയൊരു താരം ക്ലബ് വിടാനുള്ള തീരുമാനം എടുത്തപ്പോൾ അതിൽ പ്രതികരണവുമായി ലയണൽ മെസി രംഗത്ത് വന്നിരുന്നു.

“മൈതാനത്തൊരു നമ്പർ 5 ആണെങ്കിലും ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നിങ്ങൾ ഒരു 10 ആണ്, ബുസി, നിങ്ങളുടെ പുതിയ ചുവടുവെപ്പിന് നിങ്ങൾക്കും കുടുംബത്തിനും ആശംസകൾ. കളിക്കളത്തിനകത്തും പുറത്തും എല്ലാത്തിനും നന്ദി. നമ്മൾ ഒരുമിച്ച് ചെലവഴിച്ച നിരവധി നിമിഷങ്ങൾ ഉണ്ടായിരുന്നു – ഒരുപാട് നല്ലതും ചിലത് സങ്കീർണ്ണവുമാണ്. അവ എന്നെന്നേക്കുമായി നിലനിൽക്കും” മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ലയണൽ മെസിയും സെർജിയോ ബുസ്‌ക്വറ്റ്‌സും ചേർന്ന് നിരവധി കിരീടങ്ങൾ ബാഴ്‌സലോണ ടീമിനായി സ്വന്തമാക്കി നൽകിയിട്ടുണ്ട്. ഒരു കാലഘട്ടം നിർവചിച്ച ഈ രണ്ടു താരങ്ങളാണ് ഒടുവിൽ ബാഴ്‌സലോണയിൽ ബാക്കിയുണ്ടായിരുന്നത്. എന്നാൽ ലയണൽ മെസിക്കും ബാഴ്‌സലോണ വിടേണ്ടി വന്നു. ഇപ്പോൾ ലയണൽ മെസി തിരിച്ചു വരാൻ നിൽക്കുമ്പോഴാണ് ബുസി ക്ലബ് വിടാനൊരുങ്ങുന്നത്. സൗദി അറേബ്യയിലേക്ക് താരം ചേക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Lionel Messi Tribute To Sergio Busquets