മെസി ഏതറ്റം വരെയും പോകും, പ്രതീക്ഷ നൽകി പെപ് ഗ്വാർഡിയോള | Lionel Messi

ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാൻ മെസി ഏതറ്റം വരെയും പോകുമെന്ന് മുൻ ബാഴ്‌സലോണ പരിശീലകനും നിലവിൽ മാഞ്ചസ്റ്റർ സിറ്റി മാനേജരുമായ പെപ് ഗ്വാർഡിയോള. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി അത് പുതുക്കാൻ തയ്യാറായിട്ടില്ല. ഫ്രീ ഏജന്റായ താരത്തിന് ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ട്. താരത്തെ തിരിച്ചെത്തിക്കാൻ ബാഴ്‌സലോണയും ശ്രമങ്ങൾ നടത്തുന്നു.

സാമ്പത്തികപ്രതിസന്ധിയാണ്‌ ബാഴ്‌സലോണക്ക് മെസിയെ സ്വന്തമാക്കുന്നതിനു തടസം നിൽക്കുന്നത്. മെസിയെ തിരിച്ചു കൊണ്ടുവരാൻ വേതനബിൽ കുറക്കുക, താരങ്ങളെ വിറ്റ് പണം സമ്പാദിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ക്ലബ് നടത്തേണ്ടതുണ്ട്. ലയണൽ മെസി തന്റെ പ്രതിഫലം വെട്ടിക്കുറക്കേണ്ടിയും വരും. ഇതിനെല്ലാം അർജന്റീന താരം തയ്യാറാണെന്നിരിക്കെയാണ് മെസി ക്ലബ്ബിലേക്ക് തിരിച്ചുവരാൻ അസാധ്യമായത് ചെയ്യുമെന്ന് പെപ് പറഞ്ഞത്.

“ലിയോയെ പ്രസിഡന്റാണ് ലാപോർട്ട സ്നേഹിക്കുന്നതെന്ന് എനിക്ക് ബോധ്യമുണ്ട്. ലിയോ ബാഴ്‌സലോണയെ അവൻ എത്തിയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വളരെ മികച്ചതാക്കാൻ സഹായിച്ചു. മെസി ഒരു വലിയ താരമാണെന്നിരിക്കെ തന്നെ ശരിയായ രീതിയിൽ വിട പറയണം. വളരെ ബുദ്ധിമുട്ടുള്ള സാമ്പത്തിക സാഹചര്യങ്ങൾ കാരണമടക്കം പല കാരണങ്ങളാൽ അദ്ദേഹം ഇവിടെ നിന്നും പോയി. ഞാനതിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ല.

“ഞാൻ ക്യാമ്പ് ന്യൂവിലെ എന്റെ സീറ്റിൽ ഇരുന്ന് എഴുന്നേറ്റു നിന്ന് ലിയോയുടെ വിടപറയലിന് അഭിനന്ദിക്കുന്ന ദിവസം വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കൂടാതെ ലപോർട്ട അതിനായി ശ്രമിക്കാൻ പോകുന്നുണ്ടെന്നും എനിക്കറിയാം, ബാഴ്‌സലോണ ആരാധകർ കാണിക്കുന്ന സ്നേഹവും, ക്ലബ്ബിനായി അദ്ദേഹം ചെയ്തതിനോടുള്ള നന്ദിയും ബഹുമാനവും ലിയോയും കുടുംബവും അതിലൂടെ സ്വീകരിക്കും. തിരിച്ചുവരവിനായി മെസി അസാധ്യമായത് ചെയ്യും.” ഗ്വാർഡിയോള പറഞ്ഞു.

ലയണൽ മെസിക്ക് നിരവധി ഓഫറുകൾ ഉണ്ടെങ്കിലും ബാഴ്‌സലോണയുടെ തീരുമാനം അറിയുന്നതിനു വേണ്ടി താരം കാത്തിരിക്കുകയാണ്. ബാഴ്‌സലോണക്ക് തന്നെ സ്വന്തമാക്കാൻ കഴിയില്ലെങ്കിൽ മാത്രമേ ലയണൽ മെസി മറ്റു ക്ലബുകളുടെ ഓഫർ പരിഗണിക്കുകയുള്ളൂ.

Guardiola Backs Lionel Messi To Do Impossible To Return Barcelona