ഗോവക്കായി അവസാന മത്സരം കളിച്ചു, മൊറോക്കൻ ഗോൾമെഷീൻ ഇനി കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ | Noah Sadaoui
ഈ സീസണിലും കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സ് നേരത്തെ തുടങ്ങിയെന്നു വേണം കരുതാൻ. ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുന്ന കാര്യം പ്രഖ്യാപിച്ചത് പുതിയൊരു ശൈലിയിലേക്ക് ടീമിനെ മാറ്റുന്നതിന് വേണ്ടിയുള്ള ആദ്യത്തെ പടിയാണ്. പുതിയ താരങ്ങളെ സ്വന്തമാക്കുന്ന കാര്യവും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പരിഗണനയിലുണ്ട്.
അടുത്ത സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ഒരു താരത്തെ നേരത്തെ തന്നെ ടീമിലെത്തിച്ചിട്ടുണ്ട്. എഫ്സി ഗോവ താരമായ നോവ സദൂയിയെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലഭിക്കുന്ന എല്ലാ സൂചനകളും അത് ശരി വെക്കുന്നു. കഴിഞ്ഞ രണ്ടു സീസണുകളായി എഫ്സി ഗോവക്കായി മിന്നും പ്രകടനമാണ് സദൂയി നടത്തുന്നത്.
💣🎖️ Noah Sadaoui to Kerala Blasters is confirmed. ✔️🇲🇦 @7negiashish [ 💻 ~ @KhelNow ]
• He will receive 3 cr per year 💸
• 2+1 deal 🤝#KBFC pic.twitter.com/1BMG0pE1rz— KBFC XTRA (@kbfcxtra) April 25, 2024
നോവ സദൂയി ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന കാര്യം സ്ഥിരീകരിച്ചുവെന്നാണ് പ്രമുഖ കായികമാധ്യമമായ ഖേൽ നൗ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. താരത്തിന് മൂന്നു കോടി രൂപയാണ് ബ്ലാസ്റ്റേഴ്സ് പ്രതിഫലമായി നൽകുകയെന്നും അവർ വ്യക്തമാക്കുന്നു. രണ്ടു വർഷത്തെ കരാറിലാണ് താരത്തെ എത്തിക്കുന്നതെങ്കിലും അതൊരു വർഷത്തേക്ക് കൂടി നീട്ടാൻ കഴിയുമെന്ന ഉടമ്പടി കൂടിയുണ്ട്.
കഴിഞ്ഞ സീസണിൽ പത്ത് ഗോളുകളും പത്ത് അസിസ്റ്റുകളും സ്വന്തമാക്കി മിന്നുന്ന പ്രകടനം ഗോവക്ക് വേണ്ടി നടത്തിയ താരമാണ് നോവ സദൂയി. ഈ സീസണിൽ പതിനൊന്നു ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കി ഐഎസ്എല്ലിൽ തനിക്ക് മികവ് തുടരാൻ കഴിയുമെന്നും താരം തെളിയിച്ചു. താരത്തെ സ്വന്തമാക്കാൻ കഴിയുന്നത് ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ട് തന്നെയാണ്.
അതേസമയം അടുത്ത സീസണിൽ വിദേശതാരങ്ങൾ ആരൊക്കെ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇപ്പോഴില്ല. ലൂണ, ദിമിത്രിയോസ് തുടങ്ങിയ കളിക്കാരുടെയെല്ലാം കരാർ അവസാനിക്കാൻ പോവുകയാണ്. പുതിയ പരിശീലകൻ എത്തിയതിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നുണ്ടാകൂ.
Noah Sadaoui Played Last Game For FC Goa