അർജന്റീനയെ തകർത്ത് പകരം വീട്ടാനിതു സുവർണാവസരം, ഒളിമ്പിക്‌സ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടും
ഒളിമ്പിക്‌സ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായപ്പോൾ പ്രധാന ടീമുകളെല്ലാം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. ആദ്യത്തെ മത്സരത്തിൽ മൊറോക്കോയോട് തോൽവി വഴങ്ങിയ അർജന്റീന ഇന്നലെ നടന്ന വളരെ നിർണായകമായ മത്സരത്തിൽ യുക്രൈനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്.
ഗ്രൂപ്പ് ബിയിൽ അർജന്റീനയും മൊറോക്കോയും ഒരേ പോയിന്റാണ് നേടിയത്. ഗോൾ വ്യത്യാസത്തിന്റെ കാര്യത്തിലും രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ നേടിയ വിജയത്തിന്റെ പിൻബലത്തിൽ മൊറോക്കോ ഗ്രൂപ്പ് ജേതാക്കളായി. ഇതോടെ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരെ ക്വാർട്ടർ ഫൈനലിൽ അർജന്റീന നേരിടണം.
France will play against Argentina in the quarterfinals of the Olympics on Friday. pic.twitter.com/qz2rkONLql
— ESPN FC (@ESPNFC) July 30, 2024
ഗ്രൂപ്പ് എയിൽ കളിച്ച മൂന്നു മത്സരങ്ങളിലും വിജയം സ്വന്തമാക്കി ഫ്രാൻസാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അർജന്റീനയും ഫ്രാൻസും തമ്മിൽ ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ആ മത്സരത്തിന് ഒരുപാട് മാനങ്ങളുണ്ടെന്നതിൽ സംശയമില്ല. ലോകകപ്പ് ഫൈനലിനു ശേഷം ഇരുവർക്കും ഇടയിൽ നിലനിൽക്കുന്ന വൈരി തന്നെയാണ് അതിന്റെ പ്രധാന കാരണം.
ഖത്തർ ലോകകപ്പിലെ തോൽവിയും അതിനു ശേഷം അർജന്റീന താരങ്ങൾ എംബാപ്പെ അടക്കമുള്ളവരെ കളിയാക്കിയതും ഫ്രാൻസിലെ ആരാധകർക്ക് രോഷമുണ്ടാക്കിയിട്ടുണ്ട്. മെസി അടക്കമുള്ള താരങ്ങൾ ഫ്രാൻസിൽ കളിക്കാനെത്തിയപ്പോൾ ആ രോഷം അനുഭവിച്ചിരുന്നു. കോപ്പ അമേരിക്കക്ക് ശേഷം ഫ്രഞ്ച് താരങ്ങളെ അർജന്റീന താരങ്ങൾ വംശീയമായി അധിക്ഷേപിച്ചതും ഏറെ പ്രതിഷേധമുണ്ടാക്കിയ കാര്യമാണ്.
ഒളിമ്പിക്‌സിൽ അർജന്റീന ടീമിനെതിരെ ഫ്രാൻസിലെ ആരാധകർ കൂക്കി വിളിച്ചിരുന്നു. അത്രയും പ്രതിഷേധം ആരാധകർക്കുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഒളിമ്പിക്‌സ് ഫ്രാൻസിലാണ് നടക്കുന്നത് എന്നതിനാൽ ക്വാർട്ടർ ഫൈനലിനായി എത്തുമ്പോൾ അർജന്റീന ബുദ്ധിമുട്ടേറിയ അന്തരീക്ഷത്തെ അഭിമുഖീകരിക്കേണ്ടി വരും. ഫ്രാൻസിന് ഇത് പകരം വീട്ടാനുള്ള സുവർണാവസരമാണ്.