ബ്ലാസ്റ്റേഴ്‌സിന് അടുത്ത പണി കിട്ടുക ലൂണയിലൂടെയാകുമോ, ക്ലബ് നേതൃത്വം തീ കൊണ്ടു കളിക്കുന്നു | Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും അപ്രതീക്ഷിതമായി നിരവധി പ്രധാന താരങ്ങൾ കൊഴിഞ്ഞു പോയ സമയമാണിപ്പോൾ. കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ടീമിന്റെ നായകനായിരുന്ന ജെസ്സൽ ഉൾപ്പെടെയുള്ളവർ ക്ലബ് വിട്ടു. അതിനു ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുഖമായിരുന്ന മലയാളി താരം സഹൽ, ഗോൾകീപ്പർ ഗിൽ തുടങ്ങിയവരും ഇവിടം വിട്ടു മറ്റു ക്ലബുകളിലേക്ക് ചേക്കേറുകയുണ്ടായി.

ടീമിനായി മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് പലപ്പോഴും പരാജയപ്പെടുന്നുണ്ട്. ഒരു സീസൺ മുൻപ് ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ കളിച്ചപ്പോൾ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളായിരുന്നു പെരേര ഡയസും അൽവാരോ വാസ്‌ക്വസും. ഇവർ തൊട്ടടുത്ത ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ക്ലബ് വിടുന്നതാണ് കണ്ടത്. അതുപോലെയൊരു അനുഭവം നിലവിൽ ടീമിലെ പ്രധാന താരമായ അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്.

കഴിഞ്ഞ മൂന്നു സീസണുകളായി ടീമിന്റെ പ്രധാന താരമായ അഡ്രിയാൻ ലൂണയുടെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. ഇതുവരെയും അത് പുതുക്കാനുള്ള ഒരു നീക്കം ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. മുപ്പത്തിയൊന്നുകാരനായ താരമാണ് ടീമിന്റെ കേന്ദ്രമെന്നിരിക്കെ ഇപ്പോഴെങ്കിലും കരാർ പുതുക്കാനുള്ള നീക്കങ്ങൾ ക്ലബ് നടത്തേണ്ടതുണ്ട്. എന്നാൽ ഇതുവരെയും അതിനുള്ള ശ്രമങ്ങൾ ഇല്ലാത്തത് ആരാധകർക്ക് ആശങ്ക നൽകുന്നു.

വരുന്ന സീസണിനിടയിലെങ്കിലും ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് ദീർഘിപ്പിച്ചില്ലെങ്കിൽ അത് കഴിയുന്നതോടെ താരം ക്ലബ് വിട്ടു പോകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മികച്ച ഫോമിൽ കളിക്കുന്ന താരത്തെ മറ്റു ക്ലബുകളിൽ കാണേണ്ടി വരും. അതേസമയം പരമാവധി വർഷങ്ങൾ ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുകയാണ് തന്റെ ആഗ്രഹമെന്ന് കഴിഞ്ഞ ദിവസം താരം പറഞ്ഞത് ക്ലബിൽ തന്നെ തുടരുമെന്ന വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

Only One Year Left In Adrian Luna Contract