അടുത്ത സീസണിൽ എവിടെ കളിക്കുമെന്ന കാര്യത്തിൽ തീരുമാനമെടുത്ത് നെയ്‌മർ | Neymar

ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളിൽ പലരും മറ്റു ക്ലബുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എന്തായാലും ക്ലബ് വിടുമെന്ന് പ്രതീക്ഷിക്കുകയും എന്നാൽ ശക്തമായ ട്രാൻസ്‌ഫർ അഭ്യൂഹങ്ങളൊന്നും പുറത്തു വരാതിരിക്കുകയും ചെയ്യുന്ന താരമാണ് നെയ്‌മർ. കഴിഞ്ഞ സീസണിൽ പിഎസ്‌ജി ആരാധകർ താരത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് നെയ്‌മർ പിഎസ്‌ജി വിടാനുള്ള തീരുമാനമെടുത്തത്.

എന്നാൽ എംബാപ്പെ പിഎസ്‌ജി വിടാനുള്ള സാധ്യതയും പിഎസ്‌ജി പരിശീലകനായി ലൂയിസ് എൻറിക് വരുന്നതും നെയ്‌മറുടെ പദ്ധതികളിൽ മാറ്റം വരുത്തിയെന്നാണ് കരുതേണ്ടത്. ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കത്തിൽ നെയ്‌മറെയും ചില പ്രീമിയർ ലീഗ് ക്ലബുകളെയും ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം ഒതുങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പിഎസ്‌ജിയിൽ തന്നെ തുടരുമെന്നാണ് നെയ്‌മർ വ്യക്തമാക്കിയതും.

“അടുത്ത സീസണിൽ പിഎസ്‌ജിയിൽ തന്നെയാകുമെന്നാണ് ഞാൻ കരുതുന്നത്. എനിക്കവരുമായി കരാർ നിലനിൽക്കുന്നുണ്ട്. വേറെയൊന്നും എന്നെയാരും ഇതുവരെ അറിയിച്ചിട്ടില്ല.” നെയ്‌മർ പറഞ്ഞു. ആരാധകർ ഉയർത്തിയ പ്രതിഷേധക്കുറിച്ച് സൂചിപ്പിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു. “ആരാധകരും താരവും തമ്മിൽ കൂടുതൽ സ്നേഹമൊന്നും ഇല്ലെങ്കിലും, സ്നേഹത്തോടെയോ അല്ലാതെയോ ഞാൻ പിഎസ്‌ജിക്കൊപ്പം ഉണ്ടാകും.” നെയ്‌മർ വ്യക്തമാക്കി.

പിഎസ്‌ജിക്ക് എംബാപ്പെ അനഭിമതനായി തുടങ്ങിയ സാഹചര്യത്തിൽ നെയ്‌മർ ക്ലബിനൊപ്പം തുടരാനുള്ള സാധ്യത തന്നെയാണ് കൂടുതൽ. നെയ്‌മറെ ബാഴ്‌സലോണയിൽ പരിശീലിപ്പിച്ചിട്ടുള്ള ലൂയിസ് എൻറിക്കിന്റെ സാന്നിധ്യവും അതിനു വലിയ രീതിയിൽ സഹായിക്കും. നെയ്‌മറെ കേന്ദ്രീകരിച്ച് ടീമിനെ ഒരുക്കാനാവും ബാഴ്‌സലോണയ്ക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തിട്ടുള്ള പരിശീലകൻ ലക്ഷ്യമിടുന്നത്. നെയ്‌മർക്ക് ചാമ്പ്യൻസ് ലീഗ് അടക്കമുള്ള നേട്ടങ്ങളും സ്വപ്‌നം കാണാം.

Neymar Says He Will Stay At PSG Next Season