
കൂക്കിവിളിച്ച ബാഴ്സലോണ ആരാധകരെക്കൊണ്ട് കയ്യടിപ്പിക്കുന്ന ഒസ്മാനെ ഡെംബലെയുടെ ഹീറോയിസം
ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും വമ്പൻ തുകയുടെ ട്രാൻസ്ഫറിൽ ബാഴ്സലോണ ഒസ്മാനെ ഡെംബലെയെ ടീമിലെത്തിക്കുമ്പോൾ നെയ്മർ ടീം വിട്ടതിന്റെ അഭാവം നികത്തുകയെന്ന ലക്ഷ്യം മാത്രമായിരുന്നു ക്ലബിനു മുന്നിലുണ്ടായിരുന്നത്. താൻ പരിശീലിപ്പിച്ചതിൽ ഏറ്റവും പ്രതിഭാധനനായ കളിക്കാരനെന്ന് ജർമൻ പരിശീലകൻ തോമസ് ടുചെൽ വിശേഷിപ്പിച്ചിട്ടുള്ള താരത്തിനു പക്ഷെ ബാഴ്സലോണയിൽ ചുവടുറപ്പിക്കാൻ കഴിഞ്ഞില്ല. പക്വതയില്ലാത്ത പ്രായത്തിൽ നെയ്മറുടെ പകരക്കാരനാവാൻ വിധിക്കപ്പെട്ട താരത്തെ നേർവഴിക്ക് നടത്താൻ പറ്റിയ പരിശീലകരും ഉപദേശകരും ഒന്നും ഉണ്ടായിരുന്നുമില്ല.
ബാഴ്സലോണയിൽ ഡെംബലെയുടെ നാളുകൾ വളരെ ബുദ്ധിമുട്ടു നിറഞ്ഞ ഒന്നായിരുന്നു. പ്ലെയിങ് ഇലവനിൽ വന്ന ആദ്യത്തെ മത്സരത്തിൽ തന്നെ പരിക്കു പറ്റിയ താരം മാസങ്ങളോളം പുറത്തായി. അതിനു ശേഷം തിരിച്ചു വന്നപ്പോൾ വീണ്ടും പരിക്ക്. പ്രൊഫെഷണൽ ഫുട്ബോൾ താരങ്ങൾ അനുശീലിക്കേണ്ട അച്ചടക്കം ഡെംബലെ പുലർത്താതിരുന്നതോടെ പരിക്കുകൾ താരത്തിന് തുടർക്കഥയായി. 2017 മുതൽ 2021 വരെയുള്ള കാലയളവിൽ 703 ദിവസങ്ങൾ പരിക്കേറ്റു പുറത്തായ ഡെംബലെക്ക് നഷ്ടമായത് 119 മത്സരങ്ങളാണ്. ഇതോടെ താരത്തിനെതിരെ സ്പെയിനിലെ മാധ്യമങ്ങളും ബാഴ്സലോണ ആരാധകരുമെല്ലാം തിരിഞ്ഞു.
— Dᴇᴍʙᴇ́ʟᴇ́⁷
Ousmane Dembele Stats in 2022-23 Season.
◎ 6 games
◉ 2 goals
◉ 4 assists
6G/Apic.twitter.com/WK9M0yYfP3
(@Dembouz_Era) September 11, 2022
എന്നാൽ പരിക്കുകളുടെ തുടർക്കഥകൾ ഉള്ളപ്പോഴും തന്റെ പ്രതിഭ കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കാൻ ഡെംബലെ കാഴ്ച വെച്ച പ്രകടനങ്ങൾക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് കൂമാന് പകരക്കാരനായി സാവി എത്തിയപ്പോൾ തന്നെ തന്റെ പദ്ധതികളിൽ ഡെംബലെയുണ്ടെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചതും. എന്നാൽ ബാഴ്സലോണയുമായി കരാർ പുതുക്കാൻ കൂടുതൽ പ്രതിഫലം വേണമെന്ന് ഡെംബലെയുടെ ഏജന്റ് ആവശ്യപ്പെട്ടതോടെ താരത്തിനെതിരെ വീണ്ടും ആരാധകർ തിരിഞ്ഞു. കഴിഞ്ഞ ജനുവരിയിൽ ക്ലബ് വിടാൻ വിസമ്മതിച്ച് ബാഴ്സലോണയിൽ തുടർന്ന താരം നാപ്പോളിക്കെതിരായ യൂറോപ്പ ലീഗ് മത്സരത്തിനിറങ്ങിയപ്പോൾ കൂക്കിവിളിച്ചാണ് ആരാധകർ സ്വീകരിച്ചത്.
എന്നാൽ ഡെംബലെയുടെ കാര്യത്തിൽ പ്രതീക്ഷ കൈവിടാൻ പരിശീലകൻ സാവി തയ്യാറല്ലായിരുന്നു. ക്ലബ് ഒഴിവാക്കാൻ തീരുമാനിച്ച താരത്തെ വീണ്ടും വീണ്ടും അവസരങ്ങൾ നൽകി കഴിഞ്ഞ സീസണിൽ അദ്ദേഹം തേച്ചു മിനുക്കിയെടുത്തി. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ബാഴ്സലോണക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാൾ ഡെംബലെ ആയിരുന്നു. കൂക്കിവിളിച്ച ആരാധകർ തന്നെ താരത്തിന്റെ പ്രകടനത്തെ അഭിനന്ദിക്കുന്ന കാഴ്ച പിന്നീട് പല തവണ കണ്ടു. എന്നാലപ്പോഴും കരാർ പുതുക്കൽ പ്രതിസന്ധിയിൽ തുടർന്നു.
Martin Braithwaite has never seen a talent like Ousmane Dembele
— ESPN FC (@ESPNFC) September 11, 2022pic.twitter.com/YLZhqupiH4
കഴിഞ്ഞ ജൂണോടെ കരാർ അവസാനിച്ച ഡെംബലെ ഫ്രീ ഏജന്റായി മാറിയെങ്കിലും താരത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബുകളൊന്നും തയ്യാറായില്ലെന്നത് ബാഴ്സലോണക്ക് അനുകൂലമായി. അടിക്കടി പരിക്കുകൾ പറ്റിയ ചരിത്രമുള്ള ഡെംബലെയെ ടീമിലെത്തിക്കുന്നത് ഒരു സാഹസമാകുമോ എന്നു ഭയന്നു ക്ലബുകൾ പിന്മാറിയതു മുതലെടുത്ത് താരത്തെക്കൊണ്ട് രണ്ടു വർഷത്തെ കരാർ ഒപ്പിടീക്കാൻ ബാഴ്സലോണക്കായി. പരിശീലകൻ സാവിയും ഇതിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്.
ഇപ്പോൾ സീസൺ ആരംഭിച്ച് ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഓരോ കളിയിലും ആദ്യ ഇലവനിൽ ഇറങ്ങുന്ന ഡെംബലെയെ കളിക്കിടയിൽ പിൻവലിക്കുമ്പോൾ വമ്പിച്ച കയ്യടികളോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. അത്രയും മികച്ച പ്രകടനം സാവിയുടെ ബാഴ്സലോണ ടീമിൽ താരം കാഴ്ച വെക്കുന്നുണ്ട്. ഈ സീസണിൽ ആറ് മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളും നാല് അസിസ്റ്റുമാണ് ടീമിനായി നേടിയിരിക്കുന്നത്. ഇതിനു പുറമെ ബാഴ്സലോണയുടെ മുന്നേറ്റങ്ങളിലും ഗോളുകളിലും എല്ലാം ഡെംബലെ നിർണായക പങ്കു വഹിക്കുന്നുണ്ട്.
Super @dembouz
— FC Barcelona (@fcbarcelona_fra) September 12, 2022pic.twitter.com/42kdpMHdgu
രണ്ടു കാലുകൾ കൊണ്ടും ഒരുപോലെ കളിക്കാൻ കഴിയുമെന്നതാണ് ഡെംബലെയെ മറ്റു കളിക്കാരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അതിനാൽ തന്നെ രണ്ടു വിങ്ങുകളിലും താരത്തെ മാറിമാറി കളിപ്പിക്കാൻ പരിശീലകനായ സാവിക്ക് കഴിയുന്നുണ്ട്. സീസൺ പുരോഗമിക്കുന്തോറും തന്റെ പ്രകടനം മെച്ചപ്പെടുത്തി വരുന്ന ഡെംബലെയിൽ നിന്നും അത്ഭുതങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ. ഈ പ്രകടനം ലോകകപ്പിനുള്ള ഫ്രാൻസ് ടീമിലേക്കു താരത്തിന് വാതിലുകൾ തുറന്നു നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.