അടുത്ത മെസി റയൽ മാഡ്രിഡിനെ തഴഞ്ഞ് ബാഴ്‌സയിലേക്ക്, പിന്തിരിപ്പിക്കാൻ ശ്രമവുമായി ഓസിൽ | Arda Guler

അടുത്ത ലയണൽ മെസിയെന്ന് അറിയപ്പെടുന്ന തുർക്കിഷ് യുവതാരമായ ആർദ ഗുളറിനെ സ്വന്തമാക്കാൻ യൂറോപ്പിലെ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ടെങ്കിലും അക്കാര്യത്തിൽ ബാഴ്‌സലോണക്ക് മുൻതൂക്കമുണ്ടെന്ന് റിപ്പോർട്ടുകൾ. പതിനെട്ടു വയസുള്ള ഫെനർബാഷെ താരത്തിനു വേണ്ടി ബാഴ്‌സലോണ, റയൽ മാഡ്രിഡ്, സെവിയ്യ തുടങ്ങിയ ക്ലബുകളാണ് രംഗത്തുള്ളത്.

റയൽ മാഡ്രിഡിനെ അപേക്ഷിച്ച് കൂടുതൽ മികച്ച ഓഫർ നൽകിയ ബാഴ്‌സലോണ താരത്തിന് നിശ്ചിത എണ്ണം മത്സരങ്ങളിൽ കളിക്കാമെന്ന ഉറപ്പും നൽകിയാണ് ട്രാൻസ്‌ഫർ നീക്കങ്ങളിൽ മുന്നിലെത്തിയത്. ഇരുപതു മുതൽ ഇരുപത്തിയഞ്ചു വരെ മില്യൺ യൂറോയാണ് താരത്തിനായി ബാഴ്‌സലോണ നൽകാൻ ഉദ്ദേശിക്കുന്നത്. അതിനു ശേഷം ഗുളറെ ഫെനർബാഷെയിലേക്ക് തന്നെ ലോണിൽ വിടാനും ബാഴ്‌സലോണ ഉദ്ദേശിക്കുന്നു.

ബാഴ്‌സലോണയിൽ എത്തിയാൽ താരത്തിന് ഏറ്റവും ചുരുങ്ങിയത് ഇരുപതു മത്സരങ്ങളിൽ കളിക്കാൻ കഴിയുമെന്ന ഉറപ്പും ക്ലബ് നൽകുന്നുണ്ട്. അതേസമയം മുൻ റയൽ മാഡ്രിഡ് താരമായ മെസ്യൂദ് ഓസിൽ ഇതിൽ ഇടപെടാനുള്ള ശ്രമം നടത്തുന്നുണ്ട്. ഫെനർബാഷെയിൽ തന്നെ തുടരുന്നതാണ് താരത്തിന്റെ വികാസത്തിന് നല്ലതെന്നും ബാഴ്‌സലോണയിൽ പോയാൽ അവസരങ്ങൾ കുറയുമെന്നുമാണ് ഓസിൽ പറയുന്നത്.

എന്തായാലും തന്റെ ഭാവിയെക്കുറിച്ച് ഗുളർ ഉടനെ തന്നെ തീരുമാനം എടുക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഇതിനു വേണ്ടി ഫെനർബാഷെ നേതൃത്വവുമായി താരം ചർച്ച നടത്താൻ ഒരുങ്ങുകയാണ്. ബാഴ്‌സലോണയെ സംബന്ധിച്ച് താരത്തിന്റെ സൈനിങ്‌ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. പുതിയ സ്പോർട്ടിങ് ഡയറക്റ്ററായ ഡെക്കോയാണ് ഇതിനു വേണ്ടിയുള്ള നീക്കങ്ങൾ നടത്തുന്നത്.

Ozil Told Arda Guler To Reject Transfer Offers