എംബാപ്പെ ആവശ്യപ്പെടുന്നത് വമ്പൻ തുക, ട്രാൻസ്‌ഫറിൽ നിന്നും പിൻമാറി റയൽ മാഡ്രിഡ് | Mbappe

പിഎസ്‌ജി താരമായ കിലിയൻ എംബാപ്പെ ട്രാൻസ്‌ഫർ മാർക്കറ്റിലെ ചൂടുള്ള ചർച്ചാവിഷയമാണ്. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന എംബാപ്പെ അത് പുതുക്കുന്നില്ലെന്ന് പിഎസ്‌ജിയെ അറിയിച്ചതോടെയാണ് താരത്തിനെ സ്വന്തമാക്കാൻ ക്ലബുകൾ രംഗത്തു വന്നു തുടങ്ങിയത്. എംബാപ്പയുടെ ആഗ്രഹം റയൽ മാഡ്രിഡിലേക്ക് ചേക്കേറാനാണെങ്കിലും മറ്റു ക്ലബുകളും താരത്തെ ആകർഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

അതിനിടയിൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിട്ട് ഏതു ക്ലബ്ബിലേക്ക് ചേക്കേറാനാനും വമ്പൻ തുകയാണ് എംബാപ്പെ ആവശ്യപ്പെടുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരവും താരത്തിന്റെ അമ്മയായ ഫെയ്‌സ ലമേറിയും 240 മില്യൺ യൂറോ മൂല്യമുള്ള പാക്കേജാണ്‌ ക്ലബുകളുടെ മുന്നിൽ വെക്കുന്നത്. നിരവധി ക്ലോസുകൾ പ്രകാരമാണ് ഇത്രയും തുക താരം ആവശ്യപ്പെടുന്നത്.

ഈ തീരുമാനം അറിഞ്ഞതോടെയാണ് ഈ സമ്മറിൽ എംബാപ്പക്കു വേണ്ടിയുള്ള ട്രാൻസ്‌ഫർ നീക്കങ്ങളിൽ നിന്നും റയൽ മാഡ്രിഡ് പിന്മാറിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇപ്പോൾ താരത്തെ സ്വന്തമാക്കണമെങ്കിൽ വലിയ തുക ട്രാൻസ്‌ഫർ ഫീസായും റയൽ മാഡ്രിഡ് നൽകേണ്ടി വരും. അതൊഴിവാക്കി അടുത്ത സമ്മറിൽ എംബാപ്പയെ ഫ്രീ ഏജന്റായി സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ലോസ് ബ്ലാങ്കോസ് നടത്തുന്നത്.

നിലവിൽ യൂറോപ്പിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമാണ് എംബാപ്പെ. വമ്പൻ തുക വാങ്ങിയാണ് താരം പിഎസ്‌ജി കരാർ പുതുക്കിയത്. ഇതിന്റെ വിവരങ്ങൾ പോലും പുറത്തു വന്നിട്ടില്ല. ഫ്രഞ്ച് താരം പണത്തിന്റെ തടവുകാരനാണെന്നാണ് റയൽ മാഡ്രിഡ് കരുതുന്നത്. താരം ആഗ്രഹിക്കുന്നതിനേക്കാൾ കുറഞ്ഞ തുകയെ റയൽ മാഡ്രിഡ് പ്രതിഫലമായി ഓഫർ ചെയ്യാനും സാധ്യതയുള്ളൂ.

Mbappe Demand Huge Package To Leave PSG