ബാഴ്സലോണയിൽ മെസിയുടെ പകരക്കാരനായി ഡിബാല, അർജന്റീന താരത്തെ സ്വന്തമാക്കുന്ന കാര്യം പരിഗണനയിൽ | Paulo Dybala
കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ പോയിക്കൊണ്ടിരിക്കുന്നതിനാൽ തന്നെ വമ്പൻ സൈനിംഗുകൾ നടത്തുക ബാഴ്സലോണയെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കഴിഞ്ഞ കുറച്ചു ട്രാൻസ്ഫർ ജാലകങ്ങളിലായി ഏതാനും വമ്പൻ സൈനിംഗുകൾ ബാഴ്സലോണ നടത്തിയെങ്കിലും അതിനായി ക്ലബിന്റെ ആസ്തികൾ വരെ പണയപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായെന്ന് ഏവർക്കുമറിയാവുന്ന കാര്യമാണ്.
ഈ സീസണിൽ ബാഴ്സലോണ മോശം പ്രകടനം നടത്തുന്നതിനാൽ തന്നെ പുതിയ സീസണിലേക്ക് ടീമിൽ അഴിച്ചുപണികൾ ആവശ്യമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സാവി ക്ലബ് വിടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ പുതിയതായി എത്തുന്ന പരിശീലകന് പുതിയൊരു സ്ക്വാഡിനെ നൽകേണ്ടതുണ്ട്. എന്നാൽ അതിനായി വലിയ തുക മുടക്കാനും ബാഴ്സലോണക്ക് കഴിയില്ല.
Barcelona are currently studying the Dybala operation. He has a release clause of 12 million euros for clubs outside Italy.
— @sport pic.twitter.com/Y74ZJsNtky
— Barça Universal (@BarcaUniversal) March 6, 2024
ഈ സാഹചര്യത്തിൽ ക്ലബിന്റെ അന്വേഷണം അർജന്റീന താരമായ പൗളോ ഡിബാലയിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇറ്റാലിയൻ ക്ലബായ റോമയിൽ കളിക്കുന്ന താരത്തിനെ ഇറ്റലിക്ക് പുറത്തുള്ള ക്ലബുകൾക്ക് വെറും പന്ത്രണ്ടു മില്യൺ യൂറോ റിലീസിംഗ് ക്ലോസ് നൽകി സ്വന്തമാക്കാൻ കഴിയും. ഇതിനു പുറമെ താരത്തിന്റെ വേതനവും ബാഴ്സലോണക്ക് നൽകാൻ കഴിയുന്നതാണ്.
ഇറ്റലിയിൽ നിന്നും താരത്തെ റാഞ്ചാൻ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ്, വെസ്റ്റ് ഹാം എന്നിവർക്കും സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡിനും ഡിബാലയിൽ താൽപര്യമുണ്ട്. ബാഴ്സലോണ താരത്തിന്റെ പരിഗണനയിൽ നേരത്തെ ഇല്ലായിരുന്നെങ്കിലും ഓഫർ വന്നാൽ പരിഗണിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം ഡിബാല ഇറ്റലി വിടാൻ തയ്യാറാകുമോയെന്ന സംശയം അപ്പോഴുമുണ്ട്. റോമയിൽ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ഡി റോസി പരിശീലകനായി എത്തിയതോടെ താരത്തിന്റെ മികവ് ഒന്നുകൂടി ഉയർന്നിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി റോമ പോരാടുന്ന റോമ അത് നേടിയെടുത്താൽ ഡിബാല ക്ലബിനൊപ്പം തന്നെ തുടരാനുള്ള സാധ്യതയുമുണ്ട്.
Paulo Dybala Target Of FC Barcelona