നിങ്ങളോട് വെറുപ്പായിരുന്നുവെന്ന് റൊണാൾഡോയുടെ മുഖത്തു നോക്കിപ്പറഞ്ഞ് ഡിബാല | Paulo Dybala

ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡൊക്കുമൊപ്പം കളിക്കാൻ ഭാഗ്യമുണ്ടായ താരങ്ങളിൽ ഒരാളാണ് പൗളോ ഡിബാല. ലയണൽ മെസിക്കൊപ്പം അർജന്റീന ദേശീയ ടീമിലും റൊണാൾഡോക്കൊപ്പം യുവന്റസിലുമാണ് ഡിബാല കളിച്ചിട്ടുള്ളത്. റയൽ മാഡ്രിഡ് വിട്ട് യുവന്റസിലെത്തിയ റൊണാള്ഡോക്കൊപ്പം 2018 മുതൽ 2021 വരെ ഡിബാല ഒരുമിച്ചു കളിച്ചു. രണ്ടു സീരി എയും ഒരു ഇറ്റാലിയൻ കപ്പും ഒരു ഇറ്റാലിയൻ സൂപ്പർകപ്പും ടീമിന് നേടിക്കൊടുക്കാൻ ഇരുവർക്കും കഴിയുകയും ചെയ്‌തിരുന്നു.

യുവന്റസിൽ കളിച്ചിരുന്ന സമയത്ത് റൊണാൾഡോയും ഡിബാലയും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ റോമയിൽ കളിക്കുന്ന ഡിബാല അതിനെ പൂർണമായും നിഷേധിച്ചു. ലയണൽ മെസിയുമായുണ്ടായിരുന്ന വൈരിയെത്തുടർന്ന് റൊണാൾഡോയെ വളരെയധികം വെറുത്തിരുന്നെങ്കിലും പിന്നീട് മികച്ച ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അർജന്റീന താരം കഴിഞ്ഞ ദിവസം പറഞ്ഞു.

“റൊണാൾഡോക്കൊപ്പം വളരെ മികച്ച മൂന്നു വർഷങ്ങൾ ഞാൻ ചെലവഴിച്ചിരുന്നു. കരുത്തുറ്റ ടീമിനെ കൂടുതൽ ശക്തിപ്പെടുത്താൻ താരത്തിന് കഴിഞ്ഞു. മെസി, റൊണാൾഡോ എന്നിവരുമായി ബന്ധപ്പെട്ട് അർജന്റീനയിൽ വലിയൊരു ശത്രുതാ മനോഭാവം തന്നെ ഉണ്ടായിരുന്നു. ഒരിക്കൽ യുവന്റസിലായിരിക്കുമ്പോൾ ഞങ്ങളൊരു മത്സരത്തിനായി വിമാനത്തിൽ പോകുന്ന സമയത്ത് റൊണാൾഡോ കുറച്ചു മുന്നിലായാണ് ഇരുന്നിരുന്നത്.”

“അതിനിടയിൽ എപ്പോഴോ താരം എനിക്കരികിലേക്ക് വന്നു. ഞങ്ങൾ ജീവിതത്തിൽ പൊതുവായ ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്‌തു. അപ്പോൾ ഞാൻ കുട്ടിയായിരുന്ന സമയത്ത് നിങ്ങളെ വളരെയധികം വെറുത്തിരുന്നുവെന്ന് ഞാൻ റൊണാൾഡോയുടെ മുഖത്ത് നോക്കി പറയുകയുണ്ടായി. അതേക്കുറിച്ച് സംസാരിച്ച് ഞങ്ങൾ ചിരിക്കുകയാണ് ചെയ്‌തത്‌. ഞങ്ങൾ രണ്ടു പേരും നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്.” ഡിബാല വ്യക്തമാക്കി.

യുവന്റസ് വിട്ട് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും അതിനു ശേഷം സൗദി ലീഗിലേക്കും ചേക്കേറിയപ്പോൾ ഡിബാല ഇപ്പോൾ റോമയുടെ താരമാണ്. റോമക്കായി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന അർജന്റീന താരം ദേശീയ ടീമിന്റെ ലോകകപ്പ് നേട്ടത്തിലും പങ്കാളിയായി. ഇറ്റാലിയൻ ക്ലബിനായി ഈ സീസണിൽ പതിനാറു ഗോളുകളാണ് ഡിബാല സ്വന്തമാക്കിയത്.

Dybala Reveals He Told Cristiano Ronaldo He Hated Him