വിനീഷ്യസിനെ തടുക്കാൻ പെപ്പിന്റെ പദ്ധതിയിങ്ങനെ, ഹാലൻഡിനെ തടുക്കാനാവില്ലെന്ന് റയൽ മാഡ്രിഡ് | Pep Guardiola

ഫുട്ബോൾ ലോകത്തെ രണ്ടു യുവതാരങ്ങൾ ഇന്ന് രാത്രി നേർക്കു നേർ വരികയാണ്. ഈ സീസണിൽ നാൽപ്പതിലധികം ഗോളുകളിൽ പങ്കാളിയായ വിനീഷ്യസ് ജൂനിയറും ഗോളടിച്ച് പുതിയ റെക്കോർഡുകൾ സ്വന്തം പേരിലാക്കുന്ന ഹാലൻഡും തമ്മിൽ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലാണ് ഏറ്റുമുട്ടുന്നത്. എതിരാളികൾക്ക് വളരെയധികം തലവേദനയുണ്ടാക്കുന്ന താരങ്ങളായതിനാൽ തന്നെ പ്രത്യേകശ്രദ്ധ ഇവരിലേക്ക് ചെലുത്തേണ്ടത് മത്സരത്തിനുള്ള തയ്യാറെടുപ്പിൽ നിർണായകമാണ്.

വിനീഷ്യസിനെ തടുക്കാൻ തനിക്കൊരു പദ്ധതിയുണ്ടെന്നാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പറയുന്നത്. “ഞങ്ങൾ അവനു പ്രത്യേകം ശ്രദ്ധ കൊടുക്കും. സലാ, മാനെ തുടങ്ങിയ താരങ്ങൾക്കും ഓരോ ക്ലബിനും നൽകുന്നതു പോലെത്തന്നെയാണ് ഇതും. ഞങ്ങൾ മികച്ചതാണെന്നോ റയൽ മാഡ്രിഡ് മുൻപ് ചെയ്‌ത കാര്യങ്ങളെ കുറിച്ചോ ചിന്തിക്കുന്നില്ല. ബെൻസിമ, റോഡ്രിഗോ തുടങ്ങിയ താരങ്ങൾ നല്ല ഒത്തിണക്കമുള്ളതിനാൽ അവരിൽ നിന്നും പന്തെടുക്കുക ബുദ്ധിമുട്ടാണ്.” ഗ്വാർഡിയോള പറഞ്ഞു.

അതേസമയം എർലിങ് ഹാലൻഡിനെ തടുക്കാനുള്ള പദ്ധതി റയൽ മാഡ്രിഡിന്റെ കൈകളിൽ ഇല്ലെന്നാണ് ടീമിലെ പ്രധാന താരമായ റോഡ്രിഗോ പറയുന്നത്. “ഹാലാൻഡ് ഒരുപാട് ഗോളുകൾ നേടുന്ന താരമാണ്. എങ്ങിനെയാണ് താരത്തെ തടുക്കുകയെന്ന് ആർക്കുമറിയില്ല. താരം ഞങ്ങൾക്കെതിരെ ഗോൾ നേടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി പേടിപ്പെടുത്തുന്ന ക്ലബാണ്, മികച്ച പ്രകടനമാണ് അവർ നടത്തുന്നതെങ്കിലും ഞങ്ങൾക്ക് വിജയിക്കാൻ കഴിയും.” റോഡ്രിഗോ പറഞ്ഞു.

റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടക്കുന്ന പോരാട്ടത്തിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വഴി മുടക്കിയത് റയൽ മാഡ്രിഡ് ആയിരുന്നു. തങ്ങളുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി പൊരുതാൻ മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുമ്പോൾ ചാമ്പ്യൻസ് ലീഗിൽ അത്ഭുതങ്ങൾ കാണിക്കാൻ കഴിയുന്ന റയൽ മാഡ്രിഡ് പതിനഞ്ചാം കിരീടത്തിലേക്ക് അടുക്കാനാണ് തയ്യാറെടുക്കുന്നത്.

Pep Guardiola Reveals Plan To Stop Vinicius Junior