പെപ്രയോട് നമ്മൾ നന്ദി പറയണം, താരത്തിനെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകി ഇവാൻ വുകോമനോവിച്ച് | Peprah

ഈ സീസൺ ആരംഭിക്കുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ പെപ്രയെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കണ്ടതെങ്കിലും താരത്തിന്റെ പ്രകടനം ഒരുപാട് പേരെ നിരാശപ്പെടുത്തുന്നതായിരുന്നു. ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ പെപ്ര ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം ഇറങ്ങിയിട്ടും ഒരു ഗോളോ അസിസ്റ്റോ പോലും സ്വന്തമാക്കാൻ കഴിഞ്ഞില്ല. ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആരാധകർ വിമർശനം നടത്തിയതിനെ തുടർന്ന് തന്റെ കമന്റ് ബോക്‌സ് താരത്തിന് ഓഫ് ചെയ്‌തു വെക്കേണ്ടി വരികയുമുണ്ടായി.

ഒരു സ്‌ട്രൈക്കറുടെ പ്രധാന ജോലി ഗോളടിക്കുകയാണ് എന്നിരിക്കെ ഇതുവരെ ഗോൾ കണ്ടെത്താൻ കഴിയാത്ത പെപ്രയെ പുറത്തിരുത്താൻ ഇവാൻ തയ്യാറായിട്ടില്ല. താരം എല്ലാ മത്സരങ്ങളിലും ടീമിനായി ഇറങ്ങുന്നുണ്ട്. പലപ്പോഴും ദിമിത്രിയോസിനെക്കാൾ പരിശീലകർ പരിഗണിക്കുന്നത് പെപ്രയെയാണ് എന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയ കാര്യമാണ്. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അതിന്റെ കാരണം ഇവാൻ വുകോമനോവിച്ച് തന്നെ വെളിപ്പെടുത്തുകയുണ്ടായി.

“പെപ്ര വളരെയധികം ഉപകാരപ്രദമായ ഒരു കളിക്കാരനാണ്, അവൻ ശാരീരികമായി വളരെ ശക്തനായ ഒരു വ്യക്തിയാണ് എന്നതിനു പുറമെ പന്ത് പിടിച്ചു നിർത്താനും നന്നായി കഴിയും. മറ്റ് കളിക്കാർക്ക് മികച്ച പ്രകടനം നടത്താൻ കഴിയുന്നുണ്ടെന്നതിനു താരത്തിനോടു നമ്മൾ നന്ദി പറയണം. വളരെയധികം ഉപകാരമുള്ള താരത്തിന്റെ സാന്നിധ്യം ടീമിനു കൂടുതലായി പലതും നൽകുന്നുണ്ട്.” കുറച്ചു മുൻപ് പെപ്രയുടെ ഫോമിനെക്കുറിച്ച് മാധ്യമങ്ങളോട് ഇവാൻ പറഞ്ഞു.

ഇവാന്റെ വാക്കുകൾ ശരിയാണെന്ന് പെപ്രയുടെ മത്സരങ്ങൾ കൃത്യമായി വീക്ഷിക്കുന്ന ഏതൊരാൾക്കും മനസിലാക്കാൻ കഴിയുന്നതാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തുമെത്തി നന്നായി പ്രെസ് ചെയ്‌തു കളിക്കുന്ന, കായികപരമായി വളരെ ഉയർന്ന ലെവലിൽ കളിക്കുന്ന താരത്തെ തടുക്കുക എതിരാളികൾക്ക് പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ പെപ്രയെ തടയാൻ എതിരാളികൾ കൂടുതൽ പ്രയത്നിക്കുമ്പോൾ ആ സ്‌പേസ് ബ്ലാസ്റ്റേഴ്‌സിലെ മറ്റു മുന്നേറ്റനിര താരങ്ങൾക്ക് ഉപകാരപ്പെടുത്താൻ കഴിയും.

ഗോൾ നേടാനും അർധാവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്താനും കഴിയുന്നില്ല എന്നത് മാറ്റി നിർത്തിയാൽ ടീമിനായി തന്റെ മുഴുവനും നൽകുന്ന താരമാണ് പെപ്ര. അതുകൊണ്ടു തന്നെയാണ് ഇത്രയും മത്സരങ്ങളിൽ ഗോൾ നേടാതിരുന്നിട്ടും താരം വീണ്ടും വീണ്ടും ടീമിൽ ഇടം പിടിക്കുന്നത്. ഒരു ഗോൾ നേടാൻ കഴിഞ്ഞാൽ താരത്തിന്റെ ആത്മവിശ്വാസം വർധിക്കാനും അത് പിന്നീടുള്ള മത്സരങ്ങളിൽ ഗോൾവേട്ട തുടരാനും സഹായിക്കാനുള്ള സാധ്യതയുണ്ട്.

Peprah Very Useful For Kerala Blasters Says Ivan Vukomanovic