ചരിത്രത്തിലെ ഏറ്റവും വലിയ സൈനിങായി മെസിയെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്, പരിശീലകന്റെ വെളിപ്പെടുത്തൽ

ലയണൽ മെസിയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഫുട്ബോൾ ലോകം മുഴുവൻ ചർച്ച ചെയ്യുന്നത്. പിഎസ്‌ജി കരാർ പുതുക്കാൻ ഇതുവരെയും ധാരണയിൽ എത്തിയിട്ടില്ലാത്ത താരം ഈ സീസണു ശേഷം ഫ്രാൻസ് വിടുമെന്ന അഭ്യൂഹങ്ങളുണ്ട്. അതിനിടയിൽ മെസിയും മെസിയുടെ പിതാവും അടുത്തടുത്ത സമയത്ത് മുൻ ക്ലബായ ബാഴ്‌സലോണയിൽ എത്തിയത് താരം തിരിച്ചു വരുമെന്ന അഭ്യൂഹങ്ങൾ ഉയരാനുള്ള കാരണമായി. ബാഴ്‌സലോണ പരിശീലകൻ സാവി മെസിയെ സ്വാഗതം ചെയ്യുകയും ചെയ്‌തു.

അതിനിടയിൽ ലയണൽ മെസിയെ സ്വന്തമാക്കാനുള്ള പദ്ധതികൾ തങ്ങൾ മുന്നോട്ടു നീക്കുന്നുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അമേരിക്കൻ ലീഗ് ക്ലബായ ഇന്റർ മിയാമിയുടെ പരിശീലകനായ ഫിൽ നെവിൽ. ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു കൊണ്ടിരിക്കെയാണ് അതിനായി ശ്രമം നടത്തുന്നുണ്ടെന്നു സ്ഥിരീകരിച്ച് ഇദ്ദേഹം രംഗത്തു വന്നിരിക്കുന്നത്.

“ഞാനത് നിഷേധിക്കുന്നില്ല. ഞങ്ങൾക്ക് ലയണൽ മെസിയിലും സെർജിയോ ബുസ്‌ക്വറ്റ്‌സിലും താൽപര്യമുണ്ടെന്ന അഭ്യൂഹങ്ങളിൽ സത്യമുണ്ട്. ഞങ്ങൾക്ക് ഏറ്റവും മികച്ച താരങ്ങളെ ഈ ക്ലബിലേക്കെത്തിക്കണം. മെസിയും ബുസ്‌ക്വറ്റ്‌സും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളാണ്. മഹത്തായ താരങ്ങളായ ഇരുവരെയും ടീമിലെത്തിക്കുന്നത് എംഎൽഎസിൽ മാറ്റങ്ങളുണ്ടാക്കും, അത് ചരിത്രത്തിലെ വലിയ സൈനിങാകും.” ഫിൽ നെവിൽ പറഞ്ഞു.

ഇന്റർ മിയാമിയിലേക്ക് ലയണൽ മെസി ചേക്കേറിയാൽ അതോടെ യൂറോപ്യൻ ഫുട്ബോളിൽ താരത്തിന്റെ കരിയർ അവസാനിക്കും. ലയണൽ മെസിയുടെ ആരാധകരെ സംബന്ധിച്ച് ഇനിയും മികച്ച പ്രകടനം നടത്താൻ കഴിയുന്ന താരം യൂറോപ്പിൽ തന്നെ തുടരണമെന്നാണ്. അതുകൊണ്ടു തന്നെ താരം ബാഴ്‌സയിലേക്ക് തിരിച്ചു പോകണമെന്നാണ് അവർ ആഗ്രഹിക്കുക. എന്നാൽ ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധികൾ താരത്തെ തിരിച്ചെത്തിക്കാൻ തടസമാണ്.