ചിലപ്പോൾ എതിരാളികളെ കൊല്ലാൻ തോന്നുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനസ്

അയാക്‌സിൽ നിന്നും വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ലിസാൻഡ്രോ മാർട്ടിനസ് ചേക്കേറിയപ്പോൾ ആരാധകരുടെ ആഘോഷത്തിനൊപ്പം തന്നെ താരത്തിനെതിരെ വിമർശനവും ഉയർന്നിരുന്നു. ആറാടിയിൽ കുറവ് മാത്രം ഉയരമുള്ള ഒരു താരം പ്രീമിയർ ലീഗിൽ എങ്ങിനെ തിളങ്ങുമെന്നാണ് ഏവരും ചോദിച്ചത്. ലിസാൻഡ്രോ മാർട്ടിനസിന്റെ ട്രാൻസ്‌ഫർ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി നൽകുമെന്നും ഏവരും വിധിയെഴുതി.

അതേസമയം തനിക്ക് നേരെയുണ്ടായ വിമർശനങ്ങളെ മുഴുവൻ ഇല്ലാതാക്കിയാണ് ലിസാൻഡ്രോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ കളിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരമായ ലിസാൻഡ്രോക്ക് കശാപ്പുകാരൻ എന്നർത്ഥം വരുന്ന ‘ദി ബുച്ചർ’ എന്ന പേരും അവർ ചാർത്തിക്കൊടുത്തു. കഴിഞ്ഞ ദിവസം തന്റെയീ ഇരട്ടപ്പേരിനെക്കുറിച്ച് സംസാരിച്ച ലിസാൻഡ്രോ മാർട്ടിനസ് ചിലപ്പോൾ എതിരാളികളെ തനിക്ക് കൊല്ലാൻ തോന്നുമെന്നാണ് പറഞ്ഞത്.

“ചിലപ്പോൾ നമുക്ക് എതിരാളികളെ കൊല്ലാൻ തോന്നുമെങ്കിലും അതെല്ലാം നിയന്ത്രിക്കണം. അർജന്റീന താരങ്ങളെല്ലാം ഇതുപോലെ ആവേശമുള്ളവരാണ്. ഫുട്ബോൾ ഞങ്ങൾക്ക് എല്ലാമാണ്, ഞങ്ങളും ഫുട്ബോളിന് എല്ലാം നൽകും. ഒരു കുട്ടിയായിരുന്ന സമയത്ത് ഞാൻ തോൽക്കുമ്പോൾ അടികൂടുകയും കരയുകയും ചെയ്യും. അത് ഞങ്ങളുടെ രക്തത്തിലും ഹൃദയത്തിലുമുള്ള കാര്യമാണ്.” ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞു.

ഈ സീസണിൽ പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ്, കറബാവോ കപ്പ്, എഫ്എ കപ്പ് എന്നീ കിരീടങ്ങൾക്കായി പൊരുതുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ മികച്ച ഫോമിലേക്ക് നയിച്ചതിൽ അർജന്റീന താരത്തിന് പ്രധാന പങ്കുണ്ട്. സീസണിനിടയിൽ നടന്ന ലോകകപ്പിൽ അർജന്റീന കിരീടം കൂടിയതോടെ താരത്തിന്റെ ആത്മവിശ്വാസം വളരെയധികം വർധിച്ചിട്ടുമുണ്ട്.