മെസിയുടെ ഫോം മങ്ങിയപ്പോൾ മറ്റുള്ളവർ മുന്നിലെത്തി, 2022ൽ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരങ്ങൾ ഇവരാണ്

2021-22 സീസൺ ലയണൽ മെസിയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ലെന്നു പറയാം. ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരത്തിന് പുതിയ ലീഗിലെ സാഹചര്യങ്ങളുമായും ടീമിന്റെ ശൈലിയുമായും അത്ര പെട്ടന്ന് പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഗോളുകൾ നേടുന്നതിൽ പുറകോട്ടു പോയെങ്കിലും ഗോളവസരങ്ങൾ സൃഷ്‌ടിക്കുന്ന കാര്യത്തിൽ അപ്പോഴും വളരെ മികവു പുലർത്തിയ താരം ഫ്രഞ്ച് ലീഗിൽ മാത്രം പതിനാലു അസിസ്റ്റുകളാണ് കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ അതിന്റെ പരാതികൾ പരിഹരിച്ച് മികച്ച പ്രകടനം നടത്താൻ ലയണൽ മെസിക്ക് കഴിയുന്നുണ്ട്. നിലവിൽ ലീഗിൽ ഏറ്റവുമധികം അസിസ്റ്റുകൾ സ്വന്തമാക്കിയ താരം ലയണൽ മെസിയാണ്. അതേസമയം 2022 വർഷം ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരങ്ങളുടെ കണക്കെടുക്കുമ്പോൾ അതിൽ ലയണൽ മെസി നാലാം സ്ഥാനത്താണ്. ട്രാൻസ്‌ഫർ മാർക്കറ്റാണ് 2022ൽ ഏറ്റവുമധികം ഗോളുകളിൽ (ഗോൾ + അസിസ്റ്റ്) പങ്കാളിയായ താരങ്ങളുടെ പട്ടിക പുറത്തു വിട്ടത്.

ട്രാൻസ്‌ഫർ മാർക്കറ്റിന്റെ കണക്കുകൾ പ്രകാരം 2022 വർഷത്തിൽ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരം മെസിയുടെ സഹതാരമായ കിലിയൻ എംബാപ്പയാണ്. 44 മത്സരങ്ങളിൽ നിന്നും 42 ഗോളുകളും 12 അസിസ്റ്റുകളും നേടി 54 ഗോളുകളിൽ താരം പങ്കാളിയായി. രണ്ടാം സ്ഥാനത്തുള്ളത് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഈ സീസണിൽ ഗോളുകൾ അടിച്ചു കൂട്ടുന്ന നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാലൻഡാണ്. ഡോർട്മുണ്ടിനും മാഞ്ചസ്റ്റർ സിറ്റിക്കുമായി 37 മത്സരങ്ങളിൽ നിന്നും 41 ഗോളുകൾ നേടിയ താരം എട്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു.

ആദ്യ അഞ്ചു സ്ഥാനങ്ങളിൽ അവസാനത്തെ മൂന്നു പേർ ലെവൻഡോസ്‌കി, ലയണൽ മെസി, നെയ്‌മർ എന്നിവരാണ്. ലെവൻഡോസ്‌കി ബയേൺ, ബാഴ്‌സ എന്നീ ടീമുകൾക്കു വേണ്ടി 43 മത്സരങ്ങളിൽ നിന്നും 39 ഗോളും എട്ട് അസിസ്റ്റുമടക്കം 47 ഗോളുകളിൽ പങ്കാളിയായി. നാലാം സ്ഥാനത്തുള്ള ലയണൽ മെസി 24 ഗോളും 22 അസിസ്റ്റുമടക്കം 39 മത്സരങ്ങളിൽ നിന്നും 46 ഗോളുകൾ നേടുന്നതിന്റെ ഭാഗമായപ്പോൾ നെയ്‌മർ 27 ഗോളുകളും 16 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.കഴിഞ്ഞ സീസണിൽ 35 മത്സരങ്ങളിൽ മാത്രം കളിച്ച ബ്രസീലിയൻ താരം ഇതിലെ ആദ്യത്ത അഞ്ചു കളിക്കാരിൽ ഏറ്റവും കുറവ് മത്സരമാണ് കളിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ തന്റെ ഫോമിൽ പുറകോട്ടു പോയതാണ് ഈ കണക്കുകളിൽ മെസി മൂന്നാം സ്ഥാനത്തേക്ക് വീഴാൻ കാരണമായതെന്ന് വ്യതമാണ്. അതേസമയം ഈ വർഷം തന്റെ ഏറ്റവും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ഇതേ ഫോം തുടർന്നാൽ അടുത്ത വർഷത്തെ കണക്കുകളിൽ മെസി തന്നെയാകും മുന്നിലെന്ന കാര്യത്തിൽ സംശയമില്ല.