അർജന്റീനയെ വെല്ലുന്ന പ്രകടനം, ലോകകപ്പിനു ശേഷം അവിശ്വനീയമായ വിജയക്കുതിപ്പിൽ റൊണാൾഡോയും സംഘവും | Portugal
ഖത്തർ ലോകകപ്പിൽ പോർച്ചുഗലിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ടീമിനെ മുന്നിൽ നിന്നു നയിക്കുമെന്ന് പ്രതീക്ഷിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ തീർത്തും നിറം മങ്ങിയപ്പോൾ താരത്തെ ബെഞ്ചിലിരുത്തേണ്ട സാഹചര്യം വരെ പോർച്ചുഗൽ ടീമിനുണ്ടായി. ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പ്രീ ക്വാർട്ടറിൽ എത്തിയ ടീം അവിടെ സ്വിറ്റ്സർലണ്ടിനെതിരെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് വിജയിച്ചെങ്കിലും അടുത്ത മത്സരത്തിൽ മൊറോക്കോയോട് തോൽവി വഴങ്ങി പുറത്താവുകയായിരുന്നു.
ഖത്തർ ലോകകപ്പിന് പിന്നാലെ സാന്റോസിനെ പുറത്താക്കിയ പോർച്ചുഗൽ മുൻ ബെൽജിയം പരിശീലകനായ റോബർട്ടോ മാർട്ടിനസിനെ ടീമിന്റെ ചുമതല നൽകിയിരുന്നു. ആ തീരുമാനം വളരെയധികം ഗുണം ചെയ്തുവെന്നാണ് ഇപ്പോഴത്തെ ടീമിന്റെ പ്രകടനം തെളിയിക്കുന്നത്. ലോകകപ്പിന് ശേഷം എട്ടു മത്സരങ്ങൾ കളിച്ച പോർച്ചുഗൽ ടീം എട്ടിലും വിജയം നേടി. യൂറോ കപ്പ് യോഗ്യതയിലെ പത്തിൽ എട്ടു മത്സരങ്ങളും വിജയിച്ചതോടെ ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടാനും പോർച്ചുഗൽ ടീമിന് കഴിഞ്ഞിട്ടുണ്ട്.
Portugal's EURO 2024 qualifying campaign:
8 wins
0 defeats
32 goals scored
2 goals concededCan't be stopped 🔥🇵🇹 pic.twitter.com/7YyGqy1rzm
— ESPN FC (@ESPNFC) October 16, 2023
ഈ എട്ടു മത്സരങ്ങളിൽ നിന്നും മുപ്പത്തിരണ്ട് ഗോളുകളാണ് പോർച്ചുഗൽ അടിച്ചു കൂട്ടിയിരിക്കുന്നത്. നിരവധി മികച്ച താരങ്ങൾ കളിക്കുന്ന പോർച്ചുഗൽ ടീമിനെ പരിശീലകനായ റോബർട്ടോ മാർട്ടിനസ് കൃത്യമായി തന്നെ ഉപയോഗിക്കുന്നുണ്ട് എന്നതിന്റെ തെളിവാണിത്. ഈ എട്ടിൽ ഏഴു മത്സരങ്ങളിലും ക്ലീൻഷീറ്റ് നേടാനും പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്. ഈ ഇന്റർനാഷണൽ ബ്രേക്കിൽ ആദ്യം നടന്ന മത്സരത്തിൽ സ്ലോവാക്യ രണ്ടു ഗോൾ നേടിയതു മാത്രമാണ് ലോകകപ്പിന് ശേഷം പോർച്ചുഗൽ വഴങ്ങിയ ഗോളുകൾ.
👏🔝 Roberto Martínez's start to life as Portugal manager has been flawless…
100% record — 8 games, 8 wins. 🇵🇹 pic.twitter.com/IJR4gMzXLj
— EuroFoot (@eurofootcom) October 16, 2023
ഖത്തർ ലോകകപ്പിന് ശേഷം സമാനമായൊരു പ്രകടനം നടത്തുന്ന ദേശീയ ടീം അർജന്റീനയാണ്. ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ അവർ അതിനു ശേഷം കളിച്ച നാല് സൗഹൃദമത്സരങ്ങളും മൂന്നു ലോകകപ്പ് യോഗ്യത മത്സരങ്ങളും ഉൾപ്പെടെ എല്ലാറ്റിലും വിജയം നേടി. എന്നാൽ പോർച്ചുഗലിന്റെ മുപ്പത്തിരണ്ട് ഗോളുകളെ അപേക്ഷിച്ച് ഈ ഏഴു മത്സരങ്ങളിൽ നിന്നും പതിനെട്ടു ഗോളുകൾ മാത്രമാണ് അർജന്റീന നേടിയിരിക്കുന്നത്. അതേസമയം ഈ ഏഴു മത്സരങ്ങളിലും ഒരു ഗോൾ പോലും അർജന്റീന വഴങ്ങിയിട്ടില്ല.
റോബർട്ടോ മാർട്ടിനസിനു കീഴിൽ പോർച്ചുഗലിന്റെ ഈ അസാമാന്യ കുതിപ്പ് അടുത്ത വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പിൽ അവർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. ഏതു വമ്പന്മാരെയും വെല്ലുവിളിക്കാനുള്ള കരുത്ത് പോർചുഗലിനുണ്ടെന്ന് ടീമിന്റെ പ്രകടനത്തിൽ നിന്നും വ്യക്തമാകുന്നു. ടീമിന്റെ നായകനായ റൊണാൾഡോ മികച്ച ഫോമിൽ കളിക്കുന്നതും അവർക്ക് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. നിലവിൽ ഒൻപത് ഗോളുമായി യൂറോ കപ്പ് യോഗ്യത റൗണ്ടിലെ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്താണ് റൊണാൾഡോ.
Portugal Won All Matches After 2022 World Cup